Breaking News

പാലക്കാട് നിരോധനാജ്ഞ തുടരുന്നു; ഇന്ന് സര്‍വകക്ഷി യോഗം

പാലക്കാട് എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. ഇരുചക്ര വാഹനങ്ങളിലെ യാത്രയ്ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം അക്രമ സംഭവങ്ങളുടെ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് 3.30ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. യോഗത്തിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ബിജെപി പ്രതിനിധികളും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

മേലാമുറിയിലെആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. എലപ്പുള്ളിയിലെ സുബൈര്‍ വധക്കേസില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ടു കൊലപാതകങ്ങളിലെയും പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ശനിയാഴ്ചയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി അക്രമി സംഘം ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ തലയിലും നെറ്റിയിലുമാണ് വെട്ടേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിഷു ദിനത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.