Breaking News

‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ’: കുട്ടിക്കുരങ്ങനെന്ന് വിളിച്ച ബൈജു കൊട്ടാരക്കരയോട് രാഹുൽ: ലൈവ് ചർച്ചയിൽ പൊരിഞ്ഞ അടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ചയിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും തമ്മിൽ പൊരിഞ്ഞ അടി. ചർച്ചയ്ക്കിടെ രണ്ട് പേരും തെറിവിളിയുമായി മുന്നോട്ട് പോയതോടെ, മ്യൂട്ട് ചെയ്തോളൂ എന്ന് പ്രൊഡക്ഷൻ ടീമിനോട് പറഞ്ഞ് തടിയൂരുകയായിരുന്നു അവതാരകനായ നികേഷ്. ലൈവ് ചർച്ചയ്ക്കിടെ നടന്ന ഈ അപ്രതീക്ഷിത സംഭവം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ എപ്പോഴും ദിലീപിനെതിരായ പക്ഷത്താണ് ബൈജു കൊട്ടാരക്കര നിലയുറപ്പിക്കുന്നത്. രാഹുൽ ഈശ്വർ നേരെ തിരിച്ചും. ഇന്നലെ നടന്ന ചർച്ചയ്ക്കിടെ, ബൈജു കൊട്ടാരക്കര ദിലീപിനെതിരെ സംസാരിച്ചപ്പോൾ രാഹുൽ പുച്ഛിച്ചു കൊണ്ട് ചിരിച്ചു. ഇത് കണ്ട ബൈജു കൊട്ടാരക്കര പ്രകോപിതനായി, ‘എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയുക അല്ലാതെ ഒരു മാതിരി കുരങ്ങൻമാരെ പോലെ ചിരിക്കാതിരിക്കൂ’ എന്ന് രാഹുലിനോട് പറഞ്ഞു.

ഇതോടെ രാഹുലും സൗമ്യഭാവം വെടിഞ്ഞു. ‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ…’ എന്ന് പറഞ്ഞ് ചീത്ത വിളി തുടങ്ങി. പിന്നാലെ ബൈജുവും തിരിച്ച് തെറി വിളിച്ചു. ഇരുവരും പരസ്പരം ചീത്ത വിളി കൊണ്ട് ലൈവ് ചർച്ചയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയപ്പോൾ ‘മ്യൂട്ട് മ്യൂട്ട്’ എന്ന് പറഞ്ഞായിരുന്നു നികേഷ് സംഭവത്തെ കൈകാര്യം ചെയ്തത്. ഇതൊരു ചർച്ചയാണെന്നും, ഒരു കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കാൻ ആണ് നിങ്ങളെ വിളിച്ചിരിക്കുന്നതെന്നും പറഞ്ഞ് നികേഷ് കുമാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രാഹുൽ ഈശ്വറിനെതിരെ ബൈജു രൂക്ഷ വിമർശനവും ഉയർത്തി. ആൾക്കാരെ പ്രകോപിപ്പിക്കലാണ് അയാളുടെ സ്ഥിരം പരുപാടിയെന്ന് അദ്ദേഹം പറഞ്ഞു.