Breaking News

വളര്‍ച്ചാ നിരക്കില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ കുതിക്കും: അന്താരാഷ്ട്ര നാണയനിധി

വളര്‍ച്ചാ നിരക്കില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കികൊണ്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമെന്ന് അന്താരാഷ്ട്ര് നാണയനിധി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യുടെ വളര്‍ച്ച 8.2 ശതമാനമാകുമെന്നാണ് പ്രവചനം. ജനുവരിയിലെ വളര്‍ച്ച അനുമാനവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കുത്തനെയുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ചൈനയടക്കമുള്ള അയല്‍രാജ്യങ്ങളെ എല്ലാം പിന്നിലാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം എന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 8.9 ശതമാനമാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയിരുന്ന വളര്‍ച്ചാ നിരക്ക്. റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് 2023-ലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറഞ്ഞിരിക്കുന്നത്. ഊര്‍ജ്ജത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും വില വര്‍ദ്ധനവിനും വളര്‍ച്ചയുടെ വേഗത കുറവിനും ഇത് കാരണമായെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2021-ല്‍ 8.1 ശതമാനം വളര്‍ച്ചയാണ് ചൈന നേടിയത്. ചൈനയ്്ക്ക 2022-ല്‍ 4.4 ശതമാനവും 2023-ല്‍ 5.1 ശതമാനവും ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയനിധി പ്രവചിക്കുന്നത്. ഇത് ഇന്ത്യയുടേതിനെക്കാള്‍ വളരെ താഴെയാണ്.റഷ്യ- ഉക്രൈന്‍ യുദ്ധം കൂടാതെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണും ചൈനയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു.

നിലവിലെ യുദ്ധ പശ്ചാത്തലത്തില്‍ ഉക്രൈന്റെ സമ്പദ് വ്യവസ്ഥ 35 ശതമാനം തകരുമെന്നാണ് നാണയനിധി പറയുന്നത്. റഷ്യന്‍ അധിനിവേശം, അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച, പൗരന്മാരുടെ വന്‍തോതിലുള്ള പലായനം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.