Breaking News

കാട്ടുപന്നികളെ വിജയകരമായി പ്രതിരോധിച്ചു; കൊക്കോട്ടേലയിൽ നൂറുമേനി വിളയിച്ച് മരച്ചീനി കർഷകർ

ആര്യനാട്: കാട്ടുപന്നികളെ വിജയകരമായി പ്രതിരോധിച്ച കർഷകർ മരച്ചീനി കൃഷിയിൽ നൂറുമേനി വിളയിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേലയിലെ കർഷകരാണ് ദീർഘകാലത്തിനൊടുവിൽ മരച്ചീനി കൃഷിയിൽ നൂറുമേനി വിളവെടുത്തത്. വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പരിസ്ഥിതിസൗഹൃദ നിയന്ത്രണ മാർഗങ്ങളായ പച്ചത്തണൽ വല, ആവണക്കെണ്ണ ഉപയോഗിച്ച് നിർമ്മിച്ച ജൈവവേലി, രൂക്ഷഗന്ധം പരത്തുന്ന വിവിധ ജൈവ ഉപാധികൾ, കാട്ടുപന്നികൾക്ക് അരോചകമായ സോളാർ ലൈറ്റുകൾ എന്നിവ സംയോജിപ്പിച്ചാണ് കർഷകർ കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ നിന്നും പ്രതിരോധിച്ചത്. കൊക്കോട്ടേലയിൽ നടന്ന വിളവെടുപ്പ് പഞ്ചായത്ത് അംഗം എസ്.വി.ശ്രീരാഗ് ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം പദ്ധതി വിശദീകരിച്ചു. സസ്യസംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ബിന്ദു ആർ.മാത്യൂസ് കാട്ടുപന്നികൾക്കെതിരെയുള്ള വിവിധ പ്രധിരോധ മാർഗ്ഗങ്ങൾ വിവരിച്ചു.