Breaking News

ഇടതുവിരുദ്ധ വോട്ടുകള്‍ ഒന്നിച്ചു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ല: പി. രാജീവ്

ഇടതു വിരുദ്ധവോട്ടുകള്‍ ഒന്നിച്ചതാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണമെന്ന് മന്ത്രി പി രാജീവ്. ഇടത് വിരുദ്ധവോട്ടുകള്‍ ഏകോപിപ്പിച്ചതും സഹതാപ തരംഗവുമാണ് യുഡിഎഫിന് അനുകൂലമായത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും തങ്ങള്‍ക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കണക്കുകള്‍ അനുസരിച്ച് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ വോട്ട് കൂടുകയാണ് ചെയ്തത്. മൊത്തം വോട്ട് കുറഞ്ഞിട്ടും വോട്ടും ശതമാനവും കൂടി. തോല്‍വിയെ കുറിച്ച് പരിശോധിക്കുകയാണ്. മണ്ഡലത്തില്‍ എന്തുകൊണ്ടാണ് സ്വാധീനം ഉണ്ടാക്കാന്‍ കഴിയാഞ്ഞത് എന്നതടക്കം എല്ലാ ഘടകവും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് പൊതുവേ ഉണ്ടായിട്ടുള്ള മുന്നേറ്റത്തിനൊപ്പം നിലകൊള്ളാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃക്കാക്കരിയല്‍ കഴിഞ്ഞിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തെ കുറേക്കൂടി ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ മാറ്റം വന്നത് പോലെ തന്നെ എറണാകുളം ജില്ലയിലും മാറ്റങ്ങള്‍ വരുത്തി എങ്ങനെയാണ് മുന്നേറാന്‍ കഴിയുക എന്ന് സ്വാഭാവികമായും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.