Breaking News

പ്രവാചകന് എതിരായ പരാമര്‍ശം; കേന്ദ്രം മാപ്പു പറയണമെന്ന് സമസ്ത

പ്രവാചകനെതിരായ ബിജെപി മുന്‍ ദേശീയ വക്താവ് നുപൂര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ കേന്ദ്രം മാപ്പു പറയണമെന്ന് സമസ്ത. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി വക്താവിന്റെ പരാമര്‍ശം അത്യന്തം അപലപനീയവും ഖേദകരവുമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ നടത്തിയ പരാമര്‍ശമായതിനാല്‍ ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍. പാര്‍ട്ടി നടപടികൊണ്ട് മാത്രം വിഷയം പരിഹരിക്കാനാകില്ല. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. കേന്ദ്രം ഔദ്യോഗികമായി മാപ്പു പറയണമെന്നും സമസ്ത പറയുന്നു.

സംഭവത്തില്‍ അതൃപ്തി അറിയിച്ച് നിരവധി വിദേശ രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ബിജെപി നേതാക്കളുടെ പരാമര്‍ശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശത്തെ പരസ്യമായി തള്ളിക്കളയണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ബഹിഷ്‌ക്കരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്നും ഖത്തര്‍ അറിയിച്ചു.

പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വിദേശകാര്യ മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരാമര്‍ശം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ അറിയിച്ചിരുന്നു.