Breaking News

‘ഇന്ത്യ മുട്ടുകുത്തി, 30 വർഷം വിശ്വസിച്ചിരുന്നവർ ഇന്ന് ശത്രുക്കൾ’: രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശം ഇന്ത്യയെ മുട്ടുകുത്തിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അറബ് രാജ്യങ്ങൾ ഇന്ത്യയെ മുട്ടുകുത്തിച്ചെന്നും, മാപ്പ് പറയാൻ ഇന്ത്യ നിർബന്ധിതരാവുകയാണെന്നും താക്കറെ പറയുന്നു. അറബ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ചവറ്റുകൊട്ടകളെ മറയ്ക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്നും താക്കറെ ആരോപിച്ചു. ഔറംഗാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തിനാണ് അവർ മുഹമ്മദ് നബിയെ കുറിച്ച് അഭിപ്രായം പറയുന്നത്? നമ്മുടെ ദൈവങ്ങൾ നമുക്ക് പ്രിയപ്പെട്ടത് പോലെ, അവർ അവരുടെ ദൈവങ്ങളെയും ബഹുമാനിക്കുന്നു…. നിങ്ങൾ എന്തിന് മറ്റ് മതങ്ങളോട് വെറുപ്പ് കാണിക്കണം…. ഇത്തരം വിരോധത്തിന്റെ ഫലമായാണ് ഇന്ത്യ അറബ് രാജ്യങ്ങളുടെ മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടായത്. ഇന്ത്യക്കെതിരെ ഇപ്പോൾ പ്രതിഷേധം നേരിടുകയാണ്. എല്ലാ മുസ്ലീം രാജ്യങ്ങളിലും പ്രധാനമന്ത്രിയുടെ ഫോട്ടോകൾ ചവറ്റുകുട്ടകളിൽ കുടുങ്ങിയിരിക്കുന്നത് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു.

ഹിന്ദുത്വം മതവിദ്വേഷം പഠിപ്പിക്കുന്നില്ല. രാമനെപ്പോലെ ഹൃദയം ഉള്ളവരാവാനാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവേന്ദ്ര ഫട്‌നാവിസിന്റെ മഹാ വികാസ് അഘാഡി സഖ്യത്തിനെതാരായ വിമര്‍ശനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘മുപ്പത് കൊല്ലത്തോളം വിശ്വസിച്ചിരുന്നവര്‍ ഇന്ന് ഞങ്ങളുടെ ശത്രുക്കളാണ്. ആരോടാണോ ഞങ്ങള്‍ ഇത്രയും കാലം പോരാടിയിരുന്നത് അവര്‍ ഞങ്ങളുടെ മിത്രങ്ങളുമായി. അവര്‍ ഞങ്ങളെ ബഹുമാനിക്കുന്നു. ഞങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടിയാണ് കൈകോര്‍ത്തത്.’ ബി.ജെ.പി നേതാവിന് താക്കറെ മറുപടി നല്‍കി.

ബി.ജെ.പി വക്താവിന്റെയോ ബി.ജെ.പിയുടെയോ പ്രസ്താവനകൾ ഇന്ത്യയുടെ നിലപാടല്ല. പക്ഷെ അവരുടെ പ്രസ്താവന ഇന്ത്യയ്‌ക്കൊട്ടാകെ അപമാനമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വക്താവ് ഉപയോഗിച്ച വാക്കുകൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും, ഇത് രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർത്തുവെന്നും താക്കറെ പറയുന്നു. ശിവസേന ഹിന്ദുത്വ വിഷയത്തിൽ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചതിന് ബി.ജെ.പിയെ തിരിച്ചടിച്ച താക്കറെ, തന്നെ ഹിന്ദുത്വം പഠിപ്പിക്കരുതെന്ന് കാവി ഘടകത്തോട് ആവശ്യപ്പെട്ടു.