ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ ഇ.ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിൽ കോൺഗ്രസ് വൻ പ്രതിഷേധം നടത്തിയിരുന്നു.
എന്നാൽ, ചോദ്യം ചെയ്യൽ അടുത്ത ആഴ്ചയിലേക്ക് മാറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെ രാഹുൽ ഗാന്ധി ഇന്ന് എ.ഐ.സി.സി ആസ്ഥാനത്തെത്തും. പ്രവർത്തകരെ അഭിസംബോധന ചെയ്യും. അതേസമയം, മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ‘കോൺഗ്രസ് എം.എൽ.എമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ യോഗത്തിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ളയാളെ തിരിച്ചുവിളിച്ചിട്ടുണ്ട്’- കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.