Breaking News

ഭാര്യ ജോലി ചെയ്ത ടെക്‌നോപാര്‍ക്കില്‍ ബെഹ്‌റയുടെ അധിക സുരക്ഷ; ബാദ്ധ്യത 1.70 കോടി

ടെക്നോപാര്‍ക്ക് സുരക്ഷയ്ക്കായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടതില്‍ അധികം പൊലീസുകാരെ നിയോഗിച്ചത് വഴി വരുത്തി വെച്ചത് വന്‍ സാമ്പത്തിക ബാദ്ധ്യത.1.70 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് വന്നിരിക്കുന്നത്.

ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു നിര്‍ദേശം നല്‍കാന്‍ ഡിജിപി അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി. അധികമായി നല്‍കിയ 18 വനിതാ പൊലീസുകാരെ ടെക്‌നോപാര്‍ക്കില്‍ നിന്നു ഡിജിപി പിന്‍വലിക്കുകയും ചെയ്തു. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി തങ്ങള്‍ ആവശ്യപ്പെടാതെയാണു അധിക പൊലീസിനെ നല്‍കിയതെന്നാണു ടെക്‌നോപാര്‍ക്ക് അധികൃതര്‍ ഡിജിപിയെ അറിയിച്ചത്. എന്നാല്‍ അവര്‍ വാക്കാല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബെഹ്‌റയും അറിയിച്ചു.

കേരള പൊലീസിന് കീഴിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനാണ് ടെക്നോപാര്‍ക്കിന്റെ സുരക്ഷാ ചുമതല. സുരക്ഷയ്ക്കായി ടെക്നോപാര്‍ക്ക് പണം നല്‍കണം. ആയുധവുമായി കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്നോപാര്‍ക്ക് നല്‍കേണ്ടത്. ആവശ്യപ്പെട്ട 22 പൊലീസുകാരുടെ ശമ്പളം എല്ലാ വര്‍ഷവും ടെക്നോപാര്‍ക്ക് നല്‍കി.

18 പേരുടെ ശമ്പളം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഐഎസ്എഫ് കത്ത് നല്‍കിയെങ്കിലും ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയ്ക്ക് പണം നല്‍കാനാവില്ലെന്ന് ടെക്നോപാര്‍ക്ക് സിഇഒ വ്യക്തമാക്കി. കുടിശ്ശിക കൂടി വന്നിട്ടും അധികമായി നിയോഗിച്ചവരെ പിന്‍വലിച്ചിരുന്നില്ല.