Breaking News

അവസാനിക്കാതെ പ്രതിസന്ധി; അനുനയ നീക്കത്തെ പ്രതിരോധിച്ച് ഷിന്‍ഡെ, മുഖ്യമന്ത്രി പദം നിരസിച്ചു

മഹാരാഷ്ട്ര സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞിരിക്കുകയാണ് . ഔദ്യോഗിക വസതിയായ ‘വര്‍ഷ’യില്‍നിന്ന് ഉദ്ധവ് ബാന്ദ്രയിലെ സ്വന്തം വസതിയായ ‘മാതോശ്രീ’യിലേക്കു മാറി.

മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉള്‍പ്പെടെ ഉദ്ധവിനെ അനുഗമിച്ചു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പൂഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് ഫെയ്സ്ബുക് ലൈവില്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുമായോ ശിവസേന എംഎല്‍എമാരുമായോ സംസാരിച്ചിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി. വിമതനീക്കം ശിവസേനയുടെ മാത്രം ആഭ്യന്തരപ്രശ്നമാണെന്നും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ബിജെപി പറഞ്ഞു.

വിമതനേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചു. കോണ്‍ഗ്രസുമായും എന്‍സിപിയുമായുമുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിന്‍ഡെ. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്.