Breaking News

42 എംഎൽഎമാർ കൂടെയുണ്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. എന്നാൽ വിമത എംഎൽഎമാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഏക്‌നാഥ് ഷിൻഡെ. 42 എംഎൽഎമാർ കൂടെയുണ്ടെന്ന് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. ഇത് കൂടാതെ ഏഴുപേർ കൂടി ക്യാമ്പിൽ എത്തിയിട്ടുണ്ട്.

ഏക്‌നാഥ് ഷിൻഡെ നാളെ ഗവർണറെ കണ്ടേക്കും. ഗുവാഹത്തി ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് പുറത്ത് വിട്ടത്. വിമത വിഭാഗം ശക്തിപ്പെടുത്തുകയാണ് ശിവസേന അതിന് തെളിവാണ് തനിക്കൊപ്പമുള്ള എം എൽ എ മാരുടെ ചിത്രം ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടത്. ഉദ്ധവ് താക്കറെയെക്കാൾ കൂടുതൽ കരുത്ത് ആർജിച്ചിരിക്കുന്നു. 14 എംഎൽഎ മാരാണ് നിലവിൽ താക്കറെ പക്ഷത്തുള്ളത്. ഇതുമനസിലാക്കിയാണ് അദ്ദേഹം ഉച്ചയ്ക്ക് വിളിച്ച യോഗം റദ്ദാക്കിയത്.

അതേസമയം, മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നിൽ വീഴില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് വിമതവിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെ. രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വേറെ വഴികളില്ലെന്ന് ഷിൻഡെ പക്ഷം പറയുന്നു. എട്ട് മന്ത്രിസ്ഥാനങ്ങൾ, രണ്ട് സഹമന്ത്രിപദവികൾ, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിൻഡേയ്ക്ക് മുന്നിൽ ബിജെപി വച്ചിരിക്കുന്ന ഓഫറുകൾ.

അതേസമയം, ശിവസേനയുടെ ചിഹ്നം അടക്കം നേടി പാർട്ടിയുടെ ഔദ്യോഗികപക്ഷമാകാൻ ഒരുങ്ങുകയാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതർ സമീപിക്കും. അതേസമയം, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിൻഡെ അംഗീകരിച്ചില്ല. ശിവസേന പ്രവർത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേർന്ന്, അധികാരത്തിൽ എത്താനാണ് ഷിൻഡെയുടെ നീക്കം.

അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അസമിലെ മന്ത്രി അശോക് സിംഘാൽ ഹോട്ടലിലെത്തി എംഎൽഎമാരെ കാണുകയാണ്. അതേസമയം, ഈ സമയത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രളയത്തിൽ അസമടക്കമുള്ള സംസ്ഥാനങ്ങൾ ദുരിതത്തിലായ കാലത്തും കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണം. കനത്ത സുരക്ഷയിലുള്ള ഹോട്ടലിന്‍റെ പരിസരത്ത് എത്തിയപ്പോൾത്തന്നെ സ്ത്രീകളടക്കമുള്ള തൃണമൂൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.