Breaking News

സ്വപ്‌നാ സുരേഷ് സംഘപരിവാര്‍ ഏജന്റെന്ന് മുഖ്യമന്ത്രി, സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം, അടിയന്തിര പ്രമേയം തള്ളി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ചെല്ലും ചിലവും കൊടുത്ത് വളര്‍ത്തുന്ന സ്വപ്‌നാസുരേഷിന്റെ വാക്കുകളാണ് കോണ്‍ഗ്രസിന്റെ വേദവാക്യം.അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കി സംസാരിക്കകയായിരുന്നു അദ്ദേഹം.

സ്വപ്ന ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന് സംഘപരിവാര്‍ ബന്ധമാണുള്ളത്. ഒരു വ്യക്തിയല്ല സ്വപ്നയെ സഹായിക്കുന്നത്. പ്രസ്ഥാനവും പരിവാറും ചേര്‍ന്നാണ് അവരെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നത്. അഭിഭാഷകന്‍, ജോലി, സുരക്ഷ എല്ലാം ഏര്‍പ്പാടു ചെയ്യുന്നതിനു പിന്നില്‍ ഇവരാണ്. ഇത്തരമൊരാള്‍ ആരോപണം ഉന്നയിക്കുന്നത് സംസ്ഥാനത്തെ പൊതു അന്തരീക്ഷം മലിനമാക്കാനാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അങ്ങനെ വരുമ്പോള്‍ പൊലീസ് കേസെടുക്കും, അന്വേഷിക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. മൊഴി കൊടുക്കാന്‍ ആരുടെയെങ്കിലും സമ്മര്‍ദമുണ്ടെങ്കില്‍ കണ്ടെത്തണം. അതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു

അന്വേഷണം നടക്കേണ്ട എന്ന താല്‍പര്യം ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിനില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഞ്ചരിച്ചിട്ടുള്ളത്. സുതാര്യമായ ഒരന്വേഷണമാണ് സ്വപ്നയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് നടക്കുന്നത്. വസ്തുതകള്‍ ന്യായയുക്തമായി പുറത്തുവരണം എന്നാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആഗ്രഹമുള്ളത്. എന്നാല്‍ ഇതില്‍നിന്ന് മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാര്‍.

സ്വര്‍ണംകൊടുത്തയച്ചതാര്, സ്വര്‍ണം കിട്ടിയത് ആര്‍ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും കോണ്‍ഗ്രസില്‍നിന്നോ ബിജെപിയില്‍നിന്നോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇതിനൊക്കെ ഉത്തരം പറയേണ്ടത് ബിജെപിയും അന്വേഷണ ഏജന്‍സികളുമാണ്. അവര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളൊന്നും പ്രതിപക്ഷത്തുനിന്ന് ഉണ്ടാകുന്നില്ല. അത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിലൂടെ വിഷമത്തിലാകുന്നത് ബിജെപിയാണ്. ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇവിടെ വെളിവാകുന്നത്. ആ വനിതയെ സംരക്ഷിക്കുംവിധം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും ഈ നോട്ടീസിന്റെ ഉള്ളടക്കവും.

ഗുജറാത്തില്‍ കൊല്ലപ്പെട്ട ഇഷാന്‍ ജാഫ്രിയുടെ വിധവ സക്കീയ ജാഫ്രിയെ സോണിയാഗാന്ധി കണ്ടില്ലന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാറിന്റെ പുസ്തകത്തിലെ കാര്യമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

തന്റെ മകളെയും മറ്റും ഇതിലേക്ക് വലിച്ചുകൊണ്ടുവന്നാല്‍ താന്‍ ഭയന്നു പോകുമെന്ന് പ്രതിപക്ഷം കരുതിയെങ്കില്‍ തെറ്റിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസംബന്ധങ്ങളെ ന്യായീകരിക്കാന്‍ വീണ്ടും അസംബന്ധങ്ങളെ ഉപയോഗിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.