Breaking News

അയാള്‍ നാലാം ടെസ്റ്റിന്‍റെ തുടര്‍ച്ചയെന്നോണം ഈ ടെസ്റ്റിലും കളിച്ചിരുന്നെങ്കില്‍.., സൂര്യനസ്തമിക്കാത്ത രാജ്യത്തു സൂര്യപ്രഭയെ വെല്ലുന്ന ശോഭയോടെ ത്രിവര്ണപതാക പാറി കളിച്ചേനെ

സനല്‍ കുമാര്‍ പത്മനാഭന്‍ഇന്ത്യയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം 2021 -2022… അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം സമനിലയിലും രണ്ടാം മത്സരം 151 റണ്‍സിനും വിജയിച്ചു മാനസികപോരാട്ടത്തില്‍ എതിരാളികളെ പിന്നിലാക്കി മൂന്നാം മത്സരം കളിക്കാനിറങ്ങിയ ഇന്ത്യയെന്ന സന്ദര്‍ശക ടീമിനെ മൂന്നാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് എല്ലാവരെയും പുറത്താക്കി ബാറ്‌സ്മാന്മാരെയെല്ലാം അപമാനിച്ച ശേഷം 432 റണ്‍സ് അടിച്ചു കൂട്ടി ബൗളര്മാരെയും പിച്ചി ചീന്തി രസിച്ചിട്ടും പക തീരാതെ ഇന്ത്യയെ ഇന്നിങ്‌സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ കണ്ണീരു കൊണ്ട്, രണ്ടാം ടെസ്റ്റിന് ശേഷവും തങ്ങളെ തള്ളി പറയാതെ നെഞ്ചോട് ചേര്‍ത്ത തങ്ങളുടെ ആരാധകര്‍ക്ക് അശ്രുപൂജ ചെയ്‌തൊരു ഇംഗ്ലണ്ട് ടീമിനെതിരെ..ഇന്ത്യ നിര്‍ണായകമായ നാലാം ടെസ്റ്റിന് ഇറങ്ങുകയാണ്.. ‘പത്തു പേരുടെ മുന്നിലിട്ട് എതിരാളിയെ തല്ലിചതച്ചാലേ ‘ഒരു ത്രില്ല് ഉള്ളു എന്നൊരു ചെങ്കളം മാധവന്റെ മനോഭാവത്തില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ടീമിന് മുന്നിലേക്ക് അവരുടെ മനസ് ആഹ്രഹിച്ചെന്നോണം നിറഞ്ഞു കവിഞ്ഞ ലണ്ടനിലെ സ്റ്റേഡിയത്തില്‍ ഇന്ത്യ എത്തപെടുകയാണ്. നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 191 റണ്‍സിന് പുറത്താക്കി, ബാറ്റ് ചെയ്തു 100 റണ്‍സ് ലീഡും എടുത്ത ശേഷം സന്ദര്‍ശകരെ രണ്ടാം ഇന്നിങ്‌സിന് വിടുമ്പോള്‍ ജിമ്മിക്കും പിള്ളേര്‍ക്കും ആ മല്‌സരം വെറുമൊരു കുട്ടികളിയായി തോന്നിത്തുടങ്ങിയിരുന്നു.

അങ്ങനെ എതിരാളികളുടെ വീഴ്ചയില്‍ ആര്‍പ്പു വിളിച്ചു ആഘോഷിക്കുന്ന കാണികളുടെ മുന്നിലിട്ട് സന്ദര്‍ശകരെ തല്ലിച്ചതക്കാന്‍ വെമ്പല്‍ പൂണ്ടു ഓടിവരുന്ന ഇംഗ്ലണ്ട് ടീമിന് മുന്നിലേക്ക്. ‘പത്തുപേരുടെ മുന്നില്‍ കിട്ടിയാല്‍ നീ ഞങ്ങളെയങ് ഒലത്തുമോ ‘എന്ന് പറഞ്ഞു കൊണ്ടൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ‘ആകാശത്തിനു കീഴില്‍ ഏതൊരു മണ്ണും ജഗന്നാഥന് സമമാണ്’ എന്നൊരു നിലപാടോടെ തന്റെ CEAT ബാറ്റുമായി ഇംഗ്ലണ്ടിനും വിജയത്തിനും ഇടയില്‍ കയറി നെഞ്ചും വിരിച്ചു നില്‍ക്കുകയാണ്..വമ്പന്മാരെ ഏറെ അടിച്ചു വീഴ്ത്തിയ ചരിത്രമുള്ള ഇംഗ്ലണ്ടെന്ന കുളപ്പുള്ളി തറവാട്ടിലെ, ഭീമന്‍ ആന്‍ഡേഴ്‌സണ്‍ രഘുവിനെയും , കുണ്ടറ റോബിന്‍സണ്‍ ജോണിയേയും , അജിത് മോയിന്‍ കൊല്ലത്തെയും എല്ലാം അയാള്‍ മുച്ചൂടും മുടിപ്പിക്കുന്ന കാഴ്ച ! പതിനാലു ബൗണ്ടറികളും ഒരു പടുകൂറ്റന്‍ സിക്‌സറിന്റെയും അകമ്പടിയോടെ ഇംഗ്ലണ്ട് മണ്ണില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി. ലണ്ടന്‍ ടെസ്റ്റിന്റെ ആദ്യദിനം ദുഖവെള്ളിയായി ആചരിച്ച ഇന്ത്യക്കാര്‍ക്ക് മൂന്നാം ദിനം ഈസ്റ്റര്‍ ആഘോഷിക്കാനായി തന്റെ ബാറ്റു കൊണ്ട് ഇന്ത്യയെ അയാള്‍, അവിശ്വാസികളായ ഇംഗ്ലീഷ് കാണികള്‍ക്കു മുന്നില്‍ ഉയര്‍ത്തെഴുന്നേല്പിക്കുന്ന കാഴ്ച !

ക്രിക്കറ്റില്‍ എങ്കിലുകള്‍ക്കു സ്ഥാനമില്ലെന്നറിയാം എന്നാലും .. ചില എങ്കിലുകള്‍ അവശേഷിക്കുകയാണ്.. ആ 45 ആം നമ്പര്‍ ബാറ്‌സ്മാനു കോവിഡ് ബാധ എല്കാതിരുന്നെങ്കില്‍.. അയാള്‍ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിന്റെ തുടര്‍ച്ചയെന്നോണം ഈ ടെസ്റ്റിലും കളിച്ചിരുന്നെങ്കില്‍.. സൂര്യനസ്തമിക്കാത്ത രാജ്യത്തു സൂര്യപ്രഭയെ വെല്ലുന്ന ശോഭയോടെ ത്രിവര്ണപതാക പാറി കളിച്ചേനെ.. മിസ് യു ഹിറ്റ്മാന്‍ ..