Breaking News

സ്വര്‍ണ്ണക്കള്ളക്കടത്ത്- ലൈഫ് മിഷന്‍ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുന്നു, ഇനി ‘ സംരക്ഷണം’ വേണ്ടെന്ന് മോദി – ഷാ സഖ്യം, ബി ജെ പി യുടെ മിഷന്‍ 2024 ല്‍ പിണറായിക്ക് ചങ്കിടിപ്പ്

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യാന്‍ സി ബി ഐ നോട്ടീസ് നല്‍കിയതോടെ സ്വര്‍ണ്ണക്കള്ളക്കടത്ത്- ലൈഫ് മിഷന്‍ കേസുകളില്‍ കേന്ദ്ര ബി ജെ പി നേതൃത്വം പിടിമുറുക്കുന്നതായി സൂചന. ഈ വിഷയങ്ങളിലെല്ലാം കേന്ദ്ര ഏജന്‍സികളുടെ മെല്ലപ്പോക്കാണ് പിണറായി വിജയനെ സംരക്ഷിച്ച് നിര്‍ത്തുന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുക എന്ന ഉദ്ദേശത്തോടെ മോദിയും അമിത്ഷായും ഹൈദരാബാദില്‍ പ്രഖ്യാപിച്ച മിഷന്‍ 2024 പ്‌ളാനില്‍ കേരളവും ഉള്‍പ്പെടുന്നുണ്ട്. അത് കൊണ്ട് ഇനി കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് ഒരു മയവും പ്രതീക്ഷിക്കണ്ട എന്ന സൂചനകളാണ് ലഭിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരാനുള്ള ഏക സാധ്യത 2021 ല്‍ കേരളത്തിലായിരുന്നു. ബി ജെ പി കേന്ദ്ര നേതൃത്വം അതൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. അത് കൊണ്ടാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് – ലൈഫ് മിഷന്‍ കേസുകളിലെല്ലാം കേന്ദ്ര ഏജന്‍സികള്‍ മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതെന്ന് ആരോപണം കോണ്‍ഗ്രസ് തന്നെ ഉയര്‍ത്തിയിരുന്നു. സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുംടുംബത്തിനും പങ്കുണ്ടെന്ന മൊഴി സ്വപ്‌നാ സുരേഷ് കസ്റ്റംസിനും മറ്റ് കേേ്രന്ദ ഏജന്‍സികള്‍ക്കും ആദ്യ ഘട്ടത്തില്‍ തന്നെ നല്‍കിയിരുന്നു. അതേ മൊഴി തന്നെയാണ് അവര്‍ പിന്നീട് നല്‍കിയ 164 ലും, സത്യവാങ്ങ്മൂലത്തിലും നല്‍കിയത്. എന്നാല്‍ കള്ളക്കടത്ത് കേസിലെ ഒരു പ്രധാന പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ട് പോലും ഒന്നും സംഭവിക്കാതിരുന്നത് തല്‍ക്കാലം ഒന്നും വേണ്ട എന്ന ബി ജെ പി കേന്ദ്ര നിലപാട് കൊണ്ട് മാത്രമാണെന്ന് പറയപ്പെടുന്നു.

എന്നാല്‍ 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി ലക്ഷ്യമിടുന്നു. ഇതില്‍ തെലുങ്കാനയിലെ ടി ആര്‍ എസും, ആന്ധ്രയിലെ ജഗമോഹന്‍ റെഡ്ഡിയും, ഏറെക്കുറെ തമിഴ്‌നാട്ടിലെ സ്റ്റാലിനും നിര്‍ണ്ണായക സമയത്ത് തങ്ങള്‍ വിചാരിച്ചയിടത്ത് നില്‍ക്കുമെന്ന് ബി ജെ പി നേതൃത്വത്തിനറിയാം. എന്നാല്‍ കേരളത്തിലെ കാര്യം അങ്ങിനെ അല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡി എഫ് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ ഒഴുക്ക് ബി ജെ പിയിലേക്കുണ്ടാകുമെന്നാണ് ബി ജെപി കേന്ദ്ര നേതൃത്വം വിശ്വസിച്ചിരുന്നത്. എന്നാല്‍ സംഭവിച്ചത് തിരിച്ചായിരുന്നു. സി പിഎമ്മിലേക്കായിരുന്നു കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒഴുകിയത്. ഇത് ബി ജെ പി നേതൃത്വത്തിന് ഞെട്ടലുണ്ടാക്കി. കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ സി പി എം കൂടുതല്‍ ശക്തിപ്പെടുമന്നല്ലാതെ മറ്റ് പ്രയോജനവുമൊന്നുമില്ലന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് മനസിലായി.

പിണറായി വിജയനെ സംബന്ധിച്ചടത്തോളം കേന്ദ്ര ഏജന്‍സികള്‍ അനങ്ങാതിരുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആശ്വാസമായിരുന്നത്. അത് കൊണ്ട് തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്ത പ്രത്യേകിച്ച് മോദി അമിത് ഷാ സഖ്യത്തെ അലോസരപ്പെടുത്താതിരിക്കാന്‍ അദ്ദേഹം നന്നായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബി ജെ പി യുടെ ദക്ഷിണേന്ത്യന്‍ പദ്ധതി പുറത്ത് വന്നതോടെ കേന്ദ്ര ഏജന്‍സികള്‍ തനിക്ക് നേരെ തിരിയുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാവി തുലാസിലാകുമെന്നും സി പി എമ്മും പിണറായിയും മനസിലാക്കുന്നു. ഏതായാലും ഇനിയുള്ള ദിവസങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിണറായി വിജയന്റെ ഉറക്കം കെടുത്താനാണ് സാധ്യത.