Breaking News

സിട്രോണ്‍ സി3 കോഴിക്കോട്ട് അവതരിപ്പിച്ചു; പ്രി ബുക്കിങ്ങ് തുടരുന്നു

കോഴിക്കോട്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കോഴിക്കോട് അവതരിപ്പിച്ചു. കമ്പനിയുടെ ഡീലര്‍ഷിപ്പ് ആയ ‘ല മൈസന്‍ സിട്രോണ്‍’ ഫിജിറ്റല്‍ ഷോ റൂം ഉല്‍ഘാടനവും ഇതോടൊപ്പം നടന്നു. ‘ഹാച്ബാക്ക് വിത്ത് എ ട്വിസ്റ്റ്’ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ് ബി സെഗ്മെന്‍റ് ഹാച്ബാക്കായ സി3. കോഴിക്കോടിനൊപ്പം ചണ്ഡീഗഢ്, ജയ്പൂര്‍, ലഖ്നൗ, ഭുവനേശ്വര്‍, സൂറത്ത്, നാഗ്പൂര്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ തുറന്നു. ഇവിടങ്ങളില്‍ ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ലഭ്യമാണ്.

ഇന്ത്യയില്‍ നിരത്തിലിറങ്ങാനിരിക്കുന്ന സിട്രോണിന്‍റെ ആദ്യത്തെ ജനകീയ കാറായ സി3യുടെ അവതരണത്തോടൊപ്പം ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമും കോഴിക്കോട്ട് തുറക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ക്ക് 360 ഡിഗ്രി കാഴ്ചാ അനുഭവം നല്‍കുന്ന എച്ഡി ത്രീഡി സംവിധാനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് കാറിനെ പൂര്‍ണമായും കാണാനും വിലയിരുത്താനും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്തു കാണാനും ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.

ഈ സെഗ്മെന്‍റിലെ ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി 3 തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്. രാജ്യത്തുടനീളമുള്ള സിട്രോണിന്‍റെ ല മൈസന്‍ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ജൂലൈ ഒന്നു മുതല്‍ സി 3യുടെ പ്രി-ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഫിജിറ്റല്‍ ഷോറൂമിനൊപ്പം ലാറ്റെലീയര്‍ സിട്രോണ്‍ എന്ന പേരില്‍ വര്‍ക്ക്ഷോപ്പും പ്രവര്‍ത്തിക്കുന്നു. വെര്‍ച്വല്‍ റിമോട്ട് ഡയഗ്നോസ്റ്റിക്സ്, 180 മിനിറ്റ് ആര്‍എസ്എ ഗാരന്‍റി, പിക്ക്പ്പ് ആന്‍റ് ഡ്രോപ് സൗകര്യത്തോടെ പിരിയോഡിക് സര്‍വീസ്, 24 മണിക്കൂറിനകം ജനുവിന്‍ സ്പെയര്‍ പാര്‍ടുകള്‍, സര്‍വീസ് ഓണ്‍ വീല്‍സ് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

പുതിയ സിട്രോണ്‍ സി 3

ഇന്ത്യയില്‍ സിട്രോണിന്‍റെ പുതിയൊരു അധ്യായത്തിനാണ് സി 3യുടെ വരവോടെ തുടക്കമിടുന്നത്. ഇന്ത്യയിലെ പ്രാദേശികമായ പ്രത്യേകതകള്‍ക്കും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് ഇന്ത്യന്‍ വിപണിക്കു വേണ്ടി തദ്ദേശീയമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഈ കാര്‍. 2019ല്‍ സിട്രോണ്‍ അവതരിപ്പിച്ച ‘സി ക്യൂബ്ഡ്’ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട മൂന്ന് കാറുകളില്‍ ആദ്യത്തേതാണ് സി 3. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് 2024ഓടെ മൂന്ന് കാറുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണിത്. സിട്രോണിന്‍റെ മുഖമുദ്രയായ യാത്രാസുഖം, അതത് രാജ്യങ്ങള്‍ക്കിണങ്ങുന്ന പ്രത്യേക രൂപകല്‍പ്പന എന്നിവയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ഈ കാറുകളിലുടെ വിപണിയില്‍ വളരെ വേഗം മുന്നിലെത്താനാണ് സിട്രോണിന്‍റെ പദ്ധതി.

പുതിയ സി 3 ഉപഭോക്താവിന് അവരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള വൈവിധ്യമാര്‍ന്ന ഓപ്ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനു പുറമെ സബ് 4 എംഎം ഗണത്തില്‍ ഉള്‍പ്പെടുന്ന വലിപ്പം, സ്ഥലലഭ്യത, സൗകര്യങ്ങള്‍, കണക്ടിവിറ്റി എന്നിവ ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച യാത്രാ അനുഭവം നല്‍കുന്നതാണ്.

ജൂലൈ 20ന് സിട്രോണ്‍ സി 3 ഇന്ത്യയില്‍ നിരത്തിലിറങ്ങും. തുടക്കത്തില്‍ രാജ്യത്തുടനീളമുള്ള 20 ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ വഴിയും സിട്രോണ്‍ വെബ്സൈറ്റ് മുഖേനയുമാണ് വില്‍പ്പന.