Breaking News

അട്ടപ്പാടി ശിശുമരണം; ആരോഗ്യ വകുപ്പ് പരാജയമെന്ന് പ്രതിപക്ഷം, ആരോപണം ഉന്നയിച്ചാല്‍ പോര, സ്ഥലം സന്ദര്‍ശിക്കണമെന്ന് ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു 18 ലും 30ലേറെ ശിശു മരണങ്ങള്‍ ഉണ്ടായി. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിച്ചുവെന്നും പ്രതിപക്ഷം പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസും നല്‍കി.

ഒരു മാസത്തിനിടെ നാല് കുട്ടികളാണ് മരിച്ചത്.കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. ആശുപത്രിയിലെ കാന്റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നന്‍ ആയ ഡോ പ്രഭുദാസിനെ മാറ്റി. പകരം വന്ന ആള്‍ക്ക് പരിചയ കുറവാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കോട്ടത്തറ ആശുപത്രിക്ക് 12 കോടി രൂപ അനുവദിച്ചിരുന്നു. അതെവിടെയെന്നും പ്രതിപക്ഷം ചോദിച്ചു. ഈ പണം പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്നും ആരോപിച്ചു. അതേസമയം മഴ മൂലം റോഡില്‍ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോള്‍ വാഹന സൗകര്യം ലഭിക്കാതെ വന്നതെന്നും അട്ടപ്പാടിയില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

മന്ത്രയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അതേസമയം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാത്രം പോരാ, സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളം ഉണ്ടാകുകയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോവുകയും ചെയ്തു.