Breaking News

‘കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ട്’; കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്വപ്‌ന സുരേഷ്‌

മുന്‍ മന്ത്രി കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി. അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും നാളെ സത്യവാങ്മൂലത്തിനൊപ്പം അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം സ്ാവഗതാര്‍ഹമാണെന്നും സ്വപ്‌ന പറഞ്ഞു. ഇ ഡിയുടെ ഈ നീക്കത്തില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ വിചാരണ നടത്തിയാല്‍ കേസ് തെളിയില്ല. മുഖ്യമന്ത്രി കേസില്‍ പലതരത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സത്യമെന്തായാലും പുറത്തുവരും, മുഖ്യമന്ത്രി ടെന്‍ഷനിലാണ്. ഒട്ടും നോര്‍മലല്ലാതെയാണ് പെരുമാറുന്നത്. തന്നെ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. ഇ.ഡിയെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി പറയുന്നു.

എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് നിലവില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണുള്ളത്. ബംഗളൂരിുവിലേക്ക് മാറ്റിയാല്‍ കേസിന്റെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ഇ ഡി പറയുന്നു.