Breaking News

വീട്ടിലെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടെ പൂവൻകോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകൾ

വളരെയധികം സ്നേഹിച്ച് വളർത്തുന്ന വീട്ടിലെ ഓമന മൃ​ഗങ്ങളുടെ മരണം പലരിലും വലിയ ശൂന്യത അവശേഷിപ്പിക്കാറുണ്ട്. ഉടമകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യാ​ഗം ചെയ്യാൻ മടിയില്ലാത്ത മൃ​ഗങ്ങളെ നഷ്ടമാകുന്നത് വളരെ ദുഖകരമായ കാര്യമാണ്. തങ്ങളുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ബലികൊടുത്ത പൂവൻകോഴി ഇത്തരത്തിൽ വലിയ ശൂന്യതയാണ് ഉത്തർപ്രദേശിലെ ഫതൻ‌പൂരിലെ ഒരു കുടുംബത്തിലുണ്ടാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഈ കുടുംബം

മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തിൽ നടത്തുന്ന പ്രത്യേക ചടങ്ങുകൾക്കാണ് പ്രതാപ്​ഗഡ് ജില്ലയിലെ ബഹ്​ദൗൾകാല ​ഗ്രാമത്തിലെ കുടുംബം 500ലധികം പേരെ ക്ഷണിച്ചത്. ലാൽജി എന്നാണ് വീട്ടുകാർ കോഴിയ്ക്ക് പേരിട്ടിരുന്നത്. ഡോ സൽക്റാം സരോജ് എന്നയാളാണ് കോഴിയെ വളർത്തിയിരുന്നത്. ഒരു ദിവസം മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്റാം കാണുന്നത് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിടുന്ന ലാൽജിയെയാണ്. വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെയാണ് കോഴി തുരത്താൻ ശ്രമിക്കുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായി. ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ ഓടിച്ചശേഷം ഇയാൾ കോഴിയെ കൈയിലെെടുത്തു. വല്ലാതെ മുറിവേറ്റ ലാൽജി വളരെപ്പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.