Breaking News

‘സില്ലി സോൾസ്!’, തന്തൂരി ചിക്കൻ വിവാദത്തിൽ ബിജെപിക്കെതിരെ മഹുവ മൊയ്ത്ര

പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് താഴെ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചുവെന്ന ആരോപണത്തിൽ ബിജെപിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. ‘സില്ലി സോൾസ്!’ എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പരിഹാസം. ഗോവയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾ അനധികൃതമായി നടത്തുന്നു എന്ന് ആരോപണമുള്ള ബാറിൻ്റെ പേരും ‘സില്ലി സോൾസ്!’ എന്നാണ്.

ഷെഹ്‌സാദ് പൂനാവാല ബിജെപിയുടെ കൂലിപ്പണിക്കാരനാണ്. പ്രതിഷേധിക്കുന്ന എംപിമാർ എന്തു കഴിക്കണമെന്ന് നിങ്ങൾ തീരുമാനിക്കേണ്ട. സ്വന്തം നേതാക്കൾ മദ്യവും മാംസവും വിളമ്പുന്നത് അദ്ദേഹത്തിന് അറിയില്ലെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എംപിമാരുടെ ഭക്ഷണപാനീയങ്ങളെ കുറിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല ആരോപണം ഉന്നയിച്ചത്.

“മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗഹത്യയിൽ ഗാന്ധിജിക്ക് കർക്കശമായ നിലപാടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എം‌പിമാർ പ്രതിഷേധിക്കുകയാണോ അതോ പിക്നിക് നടത്തുകയാണോ എന്ന് പലരും ചോദിക്കുന്നു.” – ഇതാണ് പൂനാവാലയുടെ ആരോപണം. തൃണമൂൽ കോൺഗ്രസ് വിളമ്പിയ ഭക്ഷണമാണ് വിവാദത്തിന് തുടക്കമിട്ടത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ തൃണമൂൽ മത്സ്യവും മാംസവും വിളമ്പി. ഈ സംഭവത്തെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ആരംഭിച്ചിരിക്കുന്നത് സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപിമാർ നടത്തുന്ന ധർണ തുടരുകയാണ്.