Breaking News

Commonwealth Games 2022 ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും; എതിരാളികൾ ബാർബഡോസ്

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിൽ മത്സരം ആരംഭിക്കും. ബാർബഡോസ് ആണ് എതിരാളികൾ. രണ്ട് ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഹൃദയഭേദകമായ പരാജയം വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ തകർത്തു. വിൻഡീസ് ആവട്ടെ ആദ്യ കളിയിൽ പാകിസ്താനെ തോല്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് മുന്നിൽ വീണു. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീം ഓസ്ട്രേലിയക്കൊപ്പം സെമി കളിക്കും. ഇന്ത്യയുടെ ഓപ്പണർമാർ ഫോമിലാണ്. ആദ്യ കളി ഷഫാലി വർമ 48 റൺസെടുത്തപ്പോൾ രണ്ടാമത്തെ കളിയിൽ സ്മൃതി മന്ദന 63 റൺസിൻ്റെ മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചു. മധ്യനിരയുടെ കരുത്ത് ഇതുവരെ പൂർണമായി മനസ്സിലായിട്ടില്ല. ആദ്യ കളിയിലുണ്ടായ ബാറ്റിംഗ് തകർച്ചയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മാത്രമാണ് മികച്ചുനിന്നത്. ആദ്യ കളിയിൽ യസ്തിക ഭാട്ടിയ മൂന്നാം നമ്പറിലിറങ്ങിയപ്പോൾ രണ്ടാമത്തെ കളിയിൽ സബ്ബിനേനി മേഘനയാണ് ഈ റോളിലെത്തിയത്. രണ്ട് പരീക്ഷണങ്ങളും അത്ര വിജയിച്ചില്ല. ജമീമ ആദ്യ കളി നിരാശപ്പെടുത്തി.രേണുക സിംഗ് ആണ് ഇന്ത്യൻ ബൗളിംഗിനെ നയിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 4 വിക്കറ്റ് വീഴ്ത്തിയ രേണുക പാകിസ്താനെതിരെ ഒരു വിക്കറ്റ് സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള താരത്തിൻ്റെ എക്കോണമിയും മികച്ചതാണ്. 4.75. ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതാണ് രേണുക. ദീപ്തി ശർമ്മയും സ്നേഹ് റാണയും മധ്യ ഓവറുകളിൽ നന്നായി പന്തെറിയുന്നു. രേണുകയുടെ പ്രകടനം അപ്രസക്തമാക്കുന്ന മേഘ്ന സിംഗ് ആണ് ഇന്ത്യൻ ബൗളിംഗിലെ ആദ്യ വീക്ക് പോയിൻ്റ്. 10നടുത്ത് എക്കോണമിയിൽ പന്തെറിയുന്ന മേഘ്നയ്ക്ക് രണ്ട് വിക്കറ്റുകളുണ്ട്.