Breaking News

2024 ൽ ഇന്ത്യയിലെ റോഡുകൾ യുഎസിലേതിന് സമാനമാകും; നിതിൻ ഗഡ്കരി

വരുന്ന രണ്ട് വർഷത്തിൽ രാജ്യത്തിന്റെ റോഡുകളുടെ പ്രതിച്ഛായ മാറും, 2024-ഓടെ ഇന്ത്യയിലെ റോഡുകൾ യുഎസിലേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ആവശ്യത്തിന് ഫണ്ടുകൾ ഉണ്ടെന്നും റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിനായി വിശദമായ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വികസിപ്പിക്കും. പ്രധാന നഗരങ്ങളിലെ റോഡുകളിലെ യാത്രാസമയം കുറയ്‌ക്കുന്ന ഹരിത എക്‌സപ്രസ് ഹൈവേ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2024-ഓടെ 26 റോഡുകളാകും ഇത്തരത്തിൽ നിർമ്മിക്കുക. ഡൽഹിയിൽ നിന്നും ഡെറാഡൂൺ, ഹരിദ്വാർ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരാൻ സാധിക്കും.

ഒരാൾക്ക് ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേക്ക് 2.5 മണിക്കൂറും ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് നാല് മണിക്കൂറും സമയം മാത്രമാണ് ആവശ്യമായി വരിക. ഡൽഹിയിൽ നിന്ന് കത്രയിലേക്ക് ആറ് മണിക്കൂറും, ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും, ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറും മതിയാകും. നേരത്തെ മീററ്റിൽ നിന്നും ഡൽഹിയിലേക്ക് 4.5 മണിക്കൂർ യാത്ര ആവശ്യമായിരുന്നു. എന്നാൽ എക്‌സ്പ്രസ് ഹൈവേ വരുന്നതോടെ 40 മിനിറ്റ് മതിയാകും.