Breaking News

നിരോധിത സാറ്റ്‌ലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; ഗുരുതര ആരോപണവുമായി സ്വപ്ന

നിരോധിത സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിന് 2017 ല്‍ നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമായി സ്വപ്ന സുരേഷ്.

നിരോധിത ഫോണ്‍ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് കൊച്ചിയില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ രക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇയാള്‍ നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി ഇയാള്‍ സിഐഎസ്എഫിന്റെ പിടിയിലാകുന്നത്.

തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി. എന്നാല്‍, ഇത്തരത്തില്‍ ഒരു യുഎഇ നിവാസി അറസ്റ്റിലായി എന്ന വിവരം കോണ്‍ലുസേറ്റിനു ലഭിച്ചു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരം താന്‍ എം. ശിവശങ്കറെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയെ വിവരം അറിയിച്ചെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും ശിവശങ്കര്‍ അറിയിച്ചു.

തുടര്‍ന്ന് തന്റെ ഫോണിലേക്ക് ഒരു സത്യവാങ്മൂലത്തിന്റെ മാതൃക തന്നെന്നും അതു കോണ്‍ലുലേറ്റിന്റെ ലെറ്റര്‍ ഹെഡില്‍ തയാറാക്കി വാട്സാപ്പ് ചെയ്യാനും നിര്‍ദേശിച്ചു. കോണ്‍സുലേറ്റിലെ പിആര്‍ഒ വഴി അതു പോലീസിനു നല്‍കി. 2017 ജൂണ്‍ നാലാം തീയതി അറസ്റ്റിലായ യുഎഇ നിവാസിയെ ആറാം തീയതി ഒരു ഉപാധിയും ഇല്ലാതെ വിട്ടയച്ചു. ഇയാള്‍ രാജ്യം വിടുകയും ചെയ്തു. ഇതിന്റെ രേഖകളും സ്വപ്ന പ്രദര്‍ശിപ്പിച്ചു.

ഒരു തീവ്രവാദിയെ ആണ് മുഖ്യമന്ത്രി രക്ഷിച്ചത്. 2017 ജൂണ്‍ 30നാണ് ഇയാള്‍ നിരോധിത ഫോണുമായി കേരളത്തില്‍ എത്തിയത്. പിടിയിലാകും വരെ ഇത്ര ദിവസം ഈ ഫോണുമായി ഇയാള്‍ എന്താണ് ചെയ്തതെന്ന് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സ്വപ്‌ന വ്യക്തമാക്കി.