Breaking News

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പൊലീസുകാരന് ​ഗുരുതര പരുക്ക്

ജമ്മു കശ്മീരിൽ സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം. അനന്ത് നാഗിലെ ബിജ്ബെഹ്‌രയിലാണ് ആക്രമണം ഉണ്ടായത്. ഭീകരരിൽ ചിലർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു പൊലീസുകാരന് ​ഗുരുതരമായി പരുക്കേറ്റു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സംഭവശേഷം കടന്നുകളഞ്ഞ ഭീകരർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു.

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലും കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ബിഹാർ സ്വദേശിയായ 19 കാരൻ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. അർധരാത്രിയിലായിരുന്നു സംഭവം. അതിഥി തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്.

ഇതിനുമുമ്പ് കശ്മീരിലെ സൈനിക ക്യാമ്പിൽ നടന്ന ചാവേറാക്രമണത്തിൽ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടാവുകയായിരുന്നു. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.