Breaking News

സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉണ്ടായില്ല’; പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് മുഹമ്മദ് റിയാസ്‌

സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് എതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് സംസ്ഥാന സമിതിയില്‍ നടന്നത്. സംസ്ഥാനക്കമ്മിറ്റിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം യോഗത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇന്ന് നേതൃത്വം മറുപടി നല്‍കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും തീരുമാനിച്ചേക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തുപോലും എത്തുന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.

പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. ഉദ്യോഗസ്ഥ തലത്തിലും വലിയ വീഴ്ചകള്‍ ഉണ്ടായെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപന കുറവുണ്ടായി. പൊലീസ് പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു.

മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ആയിരുന്നു. എന്നാല്‍, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരില്‍ പലര്‍ക്കും യാത്ര ചെയ്യാന്‍ വരെ മടിയാണെന്നും എല്ലാം ഓണ്‍ലൈനാക്കാന്‍ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.