Breaking News

എന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം; ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് ശരിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സുഹൃത്ത് എഡു അഗ്വറെയുടെ ഇൻസ്റ്റാ പോസ്റ്റിൽ കമൻ്റായാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമായതിനാൽ ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുകയാണെന്നായിരുന്നു എഡു അഗ്വെറെയുടെ ഇൻസ്റ്റ പോസ്റ്റ്. “ഏതാനും ആഴ്ചകൾക്കുള്ളിൽ അഭിമുഖം പുറത്തുവരുമ്പോൾ കാര്യങ്ങൾ മനസ്സിലാവും. മാധ്യമങ്ങൾ കള്ളം പറയുകയാണ്. എന്റെ പക്കൽ നോട്ട്ബുക്ക് ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം.’- ക്രിസ്റ്റ്യാനോ കുറിച്ചു.പ്രീമിയർ ലീഗ് സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ബ്രൈറ്റണെതിരായ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനു പരാജയപെട്ട യുണൈറ്റഡ് ബ്രെൻ്റ്ഫോർഡിനെതിരായ രണ്ടാം മത്സരത്തിൽ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടങ്ങി. ഇതോടൊപ്പം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുകയാണ്. നേരത്തെ ക്രിസ്റ്റ്യാനോയെ ടീമിൽ നിലനിർത്തുമെന്ന് നിലപാടെടുത്തിരുന്ന യുണൈറ്റഡ് ഇപ്പോൾ ആ നിലപാട് മാറ്റിയിരിക്കുകയാണ്. താരത്തിന് കബ് വിടണമെങ്കിൽ ആവാം എന്നാണ് നിലവിൽ യുണൈറ്റഡിൻ്റെ നിലപാട്.അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് പറഞ്ഞു. ഒരു സ്പോർട്സ് ടീമും വാങ്ങില്ല എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ മസ്ക് കുറിച്ചു. നേരത്തെ, താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ ഒരു യൂസർ ‘ഇത് സത്യമാണോ?’ എന്ന് ചോദിച്ചിരുന്നു. ഇതിനു മറുപടി ആയാണ് താൻ പറഞ്ഞത് തമാശയാണെന്ന് മസ്ക് കുറിച്ചത്.