Breaking News

ചെറിയ ഒരു അക്ഷരത്തെറ്റ്; യുവതി അബദ്ധത്തിൽ വാങ്ങിക്കൂട്ടിയത് 85 വീടുകൾ

അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിൽ യുവതി വാങ്ങിക്കൂട്ടിയത് 85 വീടുകൾ. അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്ക്കാണ് രേഖകളിലെ ചെറിയ അക്ഷരപ്പിശക് മൂലം അബദ്ധം പറ്റിയത്. 5,94,481 ഡോളർ മുടക്കി ഒരു വീട് വാങ്ങിയ യുവതി ഈ പിഴവ് മൂലം ഏതാണ്ട് 50 മില്ല്യൺ ഡോളറിനുള്ള വസ്തുക്കളാണ് സ്വന്തം പേരിലാക്കിയത്.

നെവാഡയിലെ സ്പാർക്സ് എന്ന പട്ടണത്തിൽ ഒരു വീട് വാങ്ങാനായിരുന്നു യുവതിയുടെ ശ്രമം. വാഷോ കൗണ്ടിയിലാണ് ഇതിനു വേണ്ട രേഖകൾ തയ്യാറാക്കിയത്. രേഖകളൊക്കെ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് താൻ അധികമായി 84 വീടുകളുടെ ഉടമ കൂടി ആയതായി യുവതി മനസ്സിലാക്കിയത്. രേഖകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് പറ്റിയ അബദ്ധമാണ് ഇതെന്നാണ് നിഗമനം. അബദ്ധത്തിൽ വിൽക്കപ്പെട്ട വീടുകളും മറ്റും രേഖകളിലെ തെറ്റ് തിരുത്തിയതിനു ശേഷം അതാത് ഉടമകൾക്ക് തന്നെ ലഭിക്കുമെന്ന് അധികൃതർ പറയുന്നു.