Breaking News

‘കൂപ്പണ്‍ തൊഴിലാളികളെ അപമാനിക്കുന്നത്’; മന്ത്രിക്കെതിരെ സിഐടിയു, ആവശ്യക്കാര്‍ വാങ്ങിയാല്‍ മതിയെന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ല. ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു . കൂപ്പണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് അന്തിമതീരുമാനം എടുക്കും. ഹാന്‍ടെക്‌സ്, സപ്‌ളൈക്കോ തുടങ്ങിയ സ്ഥാപനങ്ങളെ സഹകരിപ്പിക്കാനാണ് നീക്കം. അതേസമയം മന്ത്രിയുടെ വാഹനത്തിനുനേരെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കൂപ്പണ്‍ വേണ്ട ശമ്പളം മതിയെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. എസ്ടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജൂലൈയിലെ പകുതി ശമ്പളം ഓണത്തിന് മുമ്പ് നല്‍കാന്‍ ആലോചന, കൂപ്പണ്‍ വേണ്ടെന്ന നിലപാടില്‍ യൂണിയനുകള്‍

കെ. എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ജൂലൈ മാസത്തെ പകുതി ശമ്പളം നല്‍കാന്‍ ആലോചന. സര്‍ക്കാര്‍ അനുവദിച്ച 50 കോടി ഇന്ന് ലഭിച്ചാല്‍ തിങ്കളാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങാനാണ് ശ്രമം. എന്നാല്‍ പകരമായി കൂപ്പണ്‍ വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ യൂണിയനുകള്‍ക്ക്. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളമാണ് കെ. എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്. ഇത് പൂര്‍ണമായി നല്‍കാന്‍ 160 കോടി രൂപ വേണം. ഇതിനായാണ് 103 കോടി രൂപ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും. എന്നാല്‍ 50 കോടിയാണ് സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചത്.

ധനവകുപ്പ് അനുവദിച്ച പണം ഇന്ന് കെ. എസ്. ആര്‍.ടി. സി യുടെ അക്കൗണ്ടിലെത്തിയാല്‍ തിങ്കളാഴ്ചയോടെ ശമ്പളം നല്‍കാനാവും. ഇതിന് പുറമെ ഓണം അഡ്വാന്‍സിനായി 75 കോടി രൂപയുടെ മറ്റൊരു ഓവര്‍ ഡ്രാഫ്റ്റിന് എസ് ബി ഐയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അത് ലഭിച്ചാല്‍ ഓണം അഡ്വാന്‍സും ലഭിച്ചേക്കും. എന്നാല്‍ ഓണം ബോണസുണ്ടാവില്ല.