Breaking News

മുന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി, കനത്ത സുരക്ഷ

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിനിടെ തായ്ലന്‍ഡിലേക്കു കടന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ കൊളംബോയില്‍ തിരിച്ചെത്തി. സ്വീകരിക്കാന്‍ മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ കനത്ത സുരക്ഷയിലാണ് താമസം.

താല്‍ക്കാലിക വിസയില്‍ തായ്ലന്‍ഡില്‍ താമസിച്ചിരുന്ന രജപക്സെ സിംഗപ്പുര്‍ വഴിയാണ് ലങ്കയിലെത്തിയത്. ചില മന്ത്രിമാര്‍ വിമാനത്താവളത്തിലെത്തി രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രിലോടെയാണ് പ്രക്ഷോഭം തുടങ്ങിയത്.

രാജ്യം വിട്ട് ഏഴാഴ്ചയ്ക്കുശേഷമാണ് ഗോട്ടബയ തിരിച്ചെത്തിയത്. ജൂലൈ മധ്യത്തില്‍ ജനക്കൂട്ടം ഔദ്യോഗിക വസതിയായ പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് സൈന്യത്തിന്റെ സഹായത്തോടെയാണ് ഗോത്തബയ രാജ്യംവിട്ടത്.

സിംഗപ്പുരില്‍ കഴിയവെ അദ്ദേഹം രാജികത്ത് അയച്ചു. പിന്നാലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.