Breaking News

കേരളത്തിലെ പാര്‍ട്ടിക്കാര്യങ്ങളിലും അവസാന വാക്ക് കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടിയെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡ്

കേരളത്തിലെ പാര്‍ട്ടിക്കാര്യങ്ങളിലും അവസാനവാക്ക് കെ സി വേണുഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ പ്രതിഷേധം കണക്കാക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ പി സി സി അധ്യക്ഷന്റെ തിരഞ്ഞെടുപ്പിലടക്കം വിട്ടു നിന്ന ഉമ്മന്‍ചാണ്ടിയെ അവഗണിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പഴയ എ – ഐ ഗ്രൂപ്പുകളികളിലേക്ക് കേരളത്തിലെ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുപോകേണ്ടെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ജ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ തുടരട്ടെ എന്നത് കാര്യത്തില്‍ പഴയ കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സംയുക്തമായി എടുത്ത തിരുമാനമാണ്. ഇതിനെ ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്തു.

കെ പി സി സി അംഗങ്ങളുടെ പട്ടികപോലും തനിക്ക് കാണാന്‍ അവസരം നല്‍കിയില്ലന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി കെ പി സി സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടു നിന്നത്. കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസില്‍ സജീവമായി നില്‍ക്കുന്ന ഏറ്റവും സീനിയര്‍ നേതാവാണ് ഉമ്മന്‍ചാണ്ടി എന്നാല്‍ തന്നെ കെ പി സി സി യുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയിക്കില്ലന്നില്ലന്ന പരാതി അദ്ദേഹത്തിന് കുറെ നാളുകളായി ഉണ്ട്.

രാഹുല്‍ഗാന്ധിയുടെ കയ്യിലേക്ക് കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ വന്ന് ചേര്‍ന്നതിന് ശേഷം ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നേതൃത്വവുമായി വലിയ അടുപ്പമില്ല. ആന്ധ്രയുടെ ചുമതലയുള്ള ഐ ഐ സിസി ജനറല്‍ സെക്രട്ടറിയിരിക്കുമ്പോഴും അദ്ദേഹം ആന്ധ്രാ കാര്യങ്ങളില്‍ ഒരു താല്‍പര്യവും ചെലുത്താതിരുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവരെ ഉമ്മന്‍ചാണ്ടി കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും വി ഡി സതീശനും, കെ സുധാകരനും യഥാക്രമം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെയും കെ പി സി സി യുടെയും ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം അസ്തമിച്ചു തുടങ്ങി.

 കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും പലകാര്യങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഐ ഗ്രൂപ്പിന്റ കയ്യില്‍ തന്നെ വേണമെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഒന്നാവുകയും, വി ഡി സതീശനും, കെ സുധാരനും സ്വന്തം വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ഉമ്മന്‍ചാണ്ടിക്ക് യാതൊരു പ്രധാന്യവും നല്‍കാതിരിക്കാന്‍ ഇവര്‍ കൂട്ടായി ശ്രമിക്കാറുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കൂടെ നിലയുറപ്പിച്ചിരുന്ന ടി സിദ്ധിഖ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഏതാണ്ട് പൂര്‍ണ്ണമായും കെ സി വേണുഗോപാല്‍ പക്ഷത്തേക്ക കൂടുമാറി. ഇപ്പോള്‍ പി സി വിഷ്ണുനാഥ് മാത്രമേ പേരിനെങ്കിലും ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ളു. ചാണ്ടി ഉമ്മന്‍ പോലും ഇപ്പോള്‍ കെ വി വേണുഗോപാല്‍ പക്ഷത്തായി. ചാണ്ടി ഉമ്മനെ രാഹുല്‍ ഗാന്ധിയുടെ യാത്രയിലെ അംഗമായി നിയോഗച്ചതോടെയാണിത്.