Breaking News

തലസ്ഥാനത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കി

തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇവിടെ ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

കോര്‍പറേഷന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. പിപിപി മോഡലില്‍ ജെന്‍ഡര്‍ ന്യൂട്രലില്‍ ബസ്റ്റോപ്പ് പണിയുമെന്നും പണി തുടങ്ങിയാല്‍ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു.

ജൂലൈ മാസത്തില്‍, വിദ്യാര്‍ത്ഥികള്‍ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് വിവാദമായിരുന്നു.

തുടര്‍ന്ന്, ഒരാള്‍ക്കുമാത്രം ഇരിക്കാന്‍ കഴിയുന്ന ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്ന് പ്രതിഷേധിച്ചിരുന്നു.