കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ഈ മാസം ഇവിടെവെച്ച് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണര്‍ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളില്‍ വെച്ചാണ്.
സെപ്റ്റംബര്‍ 28നാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടം നടക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണു കേരളത്തിലേക്ക് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം ബിസിസിഐ അനുവദിക്കുന്നത്. ഈ ക്രിക്കറ്റ് പോരാട്ടം മലയാളികള്‍
ആഘോഷമാക്കാനൊരുങ്ങുമ്പോഴാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെപ്റ്റംബര്‍ 26നാണ് തിരുവനന്തപുരത്തെത്തുക. ഹൈദരാബാദില്‍ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരം കഴിഞ്ഞാണ് ടീം കേരളത്തിലെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ 24ന് തിരുവനന്തപുരത്തെത്തും.
28ന് വൈകിട്ട് 7.30നാണ് മത്സരം തുടങ്ങുന്നത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുടീമുകളും തങ്ങുക. മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഉദ്ഘാടനച്ചടങ്ങില്‍ മലയാളി താരം സഞ്ജു സാംസണും പങ്കെടുക്കുന്നുണ്ട്.