Breaking News

മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ദമ്പതികൾക്കെതിരെ പരാതി

മില്‍മയുടെ ഓഫീസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. 10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് മലപ്പുറത്തെ ദമ്പതികള്‍ പൊലീസിനെ സമീപിച്ചു. എറണാകുളം ഇടപ്പള്ളിയിലെ മില്‍മ ഓഫീസില്‍ അക്കൗണ്ട് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളം സ്വദേശിയായ ബിനു ജോണ്‍ ഡാനിയേല്‍ എന്നയാള്‍ക്കും ഭാര്യക്കുമാണ് പണം നല്‍കിയതെന്ന് ദമ്പതികള്‍ പറയുന്നു.

ഒരു ബന്ധുവാണ് ഇവരെ കോട്ടക്കല്‍ സ്വദേശികളായ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. ഘടുക്കളായിട്ടാണ് പണം നല്‍കിയത്. എഴുത്തു പരീക്ഷ നടന്നിരുന്നില്ല. എന്നാല്‍ അഭിമുഖം ഉണ്ടാകുമെന്ന് അറിയിച്ച് എറണാകുളം മില്‍മയുടെ ഓഫീസിന്റേതെന്ന തരത്തിലുള്ള കത്തുകള്‍ വാട്സ് ആപ്പ് മുഖേന ജോലി വാഗ്ദാനം നല്‍കിയ ആള്‍ ഇവര്‍ക്ക് അയച്ചിരുന്നു. പക്ഷെ വര്‍ഷമായിട്ടും ജോലി ലഭിക്കാതായതോടെ പണം തിരിച്ച് ചോദിച്ചു. ഇതോടെ തട്ടിപ്പുകാ‍ര്‍ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികള്‍ പറയുന്നു.കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാക്കിയതായി സൂചനയുണ്ട്. തങ്ങളുടെ അറിവിലുള്ള പത്ത് പേരെങ്കിലും സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ഇവരെല്ലാവരും പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.