Breaking News

രാജസ്ഥാനില്‍ രാഹുലിന് സംഭവിച്ചത് തന്ത്രപരമായ പാളിച്ച, തന്നെ അധ്യക്ഷനാക്കാതിരിക്കാന്‍ ഗെഹലോട്ട് തന്നെ കളിച്ച കളിയില്‍ ഹൈക്കമാന്‍ഡ് വീണു

അശോക് ഗെഹലോട്ടിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംഭവിച്ചത് തന്ത്രപരമായ പാളിച്ച. അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന ഉറപ്പാണ് അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. എന്നാല്‍ അതേ സമയം തന്നെ രാജസ്ഥാനില്‍ തനിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എ മാരോട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ സമ്മര്‍ദ്ധം ശക്തമാക്കാന്‍ അശോക് ഗെഹലോട്ട് ആവശ്യപ്പെടുകയായിരുന്നു ഗെഹലോട്ടിന്റെ ഈ കളി മുന്‍ കൂട്ടി മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്കും രാഹുലിന്റെ വിശ്വസ്തനായ കെ സി വേണുഗോപാലിനും കഴിയാതെ പോയി.

ആദ്യ ഘട്ടത്തില്‍ എം എല്‍ എമാരോട് ഹൈക്കമാന്‍ഡ് നേരിട്ട് സംസാരിച്ചിരുന്നെങ്കില്‍ ഗെഹലോട്ടിന്റെ നീക്കങ്ങള്‍ അറിയാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ ഗെഹലോട്ട് നിബന്ധന വച്ചപ്പോള്‍ തന്നെ അപകടം മണത്തറിയേണ്ടതായിരുന്നു. എന്നാല്‍ ജി- 23 യോടും ശശിതരൂരിനോടും രാഹുല്‍ ഗാന്ധിക്കുള്ള കടുത്ത എതിര്‍പ്പൂമൂലം ഇത് ശ്രദ്ധിക്കാതെ പോയത് വലിയ തിരിച്ചടിയുണ്ടാക്കിയത്.

അശോക് ഗെഹലോട്ടിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനുള്ള വിഷമത്തേക്കാള്‍ തന്റെ മകന്‍ വൈഭവ് ഗഹലോട്ടിന്റെ രാഷ്ട്രീയ ഭാവിയാണ് അദ്ദേഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നത്. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായാല്‍ പിന്നെ തന്റെ മകന്‍ രാഷ്ടീയം ഉപക്ഷിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റ ഭീതി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോധ്പൂരില്‍ മല്‍സരിച്ച് വലിയ പരാജയം ഏറ്റുവാങ്ങിയ ആളാണ് വൈഭവ് ഗെഹലോട്ട്. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ തന്റെ മകന് സീറ്റു നല്‍കുന്നതില്‍ ധാര്‍മികമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും അഥവാ ലഭിച്ചാല്‍ തന്നെ മകന്റെ വിജയത്തിന് വേണ്ടി ശ്രദ്ധ കൊടുക്കാന്‍ കഴിയില്ലന്നും ഗെഹലോട്ടിന് നന്നായി അറിയാം. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഗെഹലോട്ട് ഒരിക്കലും ആഗ്രച്ചിരുന്നില്ല.

സച്ചിന്‍ പൈലറ്റാകട്ടെ ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ ഉണ്ടായിരുന്ന ആളല്ല, സച്ചിന്റ പിതാവ് രാജേഷ് പൈലറ്റ് സോണിയാഗാന്ധിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിച്ചയാളായിരുന്നു. അത് കൊണ്ട് തന്നെ നെഹ്‌റു കുടുംബത്തിന് അദ്ദേഹത്തോട് ഒരു താല്‍പര്യവുമില്ലായിരുന്നു. സച്ചിന്‍ പൈലറ്റിനോടും രാഹുലിന് ഏതാണ്ട് അതേ മനോഭാവമായിരുന്നു. എന്നാല്‍ ബി ജെ പിയിലേക്ക് സച്ചിന്‍ പോകുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ സോണിയയും പ്രിയങ്കയും തന്ത്രപരമായി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച് നിര്‍ത്തുകയായിരുന്നു.

അശോക് ഗെഹലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജസ്ഥാനിലെ ഗെഹലോട്ട് സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ തരംഗത്തെ അല്‍പ്പമൊന്നും തണുപ്പിക്കാമെന്നും, വരുന്ന തിരഞ്ഞെടുപ്പില്‍ മോദിയും ബി ജെ പി യും ഉയര്‍ത്തുന്ന കുടുംബപാര്‍ട്ടി ആരോപണത്തില്‍ നിന്ന് മുഖം രക്ഷിക്കാമെന്നുമാണ് രാഹുല്‍ കരുതിയിരുന്നത്. 2024 ലെ തിരഞ്ഞെടുപ്പില്‍ കുടുംബപാര്‍ട്ടിയെന്ന ആരോപണം ബി ജെ പി വീണ്ടും ശക്തമായി ഉയര്‍ത്തുമെന്ന് രാഹുലിന് നന്നായി അറിയാമായിരുന്നു. അത് ഒഴിവാക്കാന്‍ അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗം പക്ഷെ അമ്പെ പാളുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.

താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാതിരിക്കാനുളള അവസ്ഥ അശോക് ഗെഹലോട്ട് മനപ്പൂര്‍വ്വം ഉണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞത്. അതോടെയാണ് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കണ്ട എന്ന തിരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ അമ്പത് വര്‍ഷം നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അശോക് ഗെഹലോട്ട് ഇതോടെ അവരുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്താവുകയാണ്.