Breaking News

സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെസിബിസി; ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെ.സി.ബി.സി. ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി. അറിയിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിന് സ്‌കൂളുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണം. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണം.

ഞായറാഴ്ച ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചുവരുന്നതായും കെസിബിസി കുറ്റപ്പെടുത്തി.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ഞായറാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടത്താന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കുമെന്ന് കെസിബിസി അറിയിച്ചു.