Breaking News

കാട്ടാക്കട മർദ്ദനം: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു-കെ.എസ്.ആർ.ടി.സി

കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളെന്ന് കെ.എസ്.ആർ.ടി.സി. വിദ്യാർത്ഥിനിക്ക് കൺസഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധം. വിദ്യാർത്ഥിയാണെന്ന് തെളിയിക്കേണ്ട രേഖകൾ, കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാതെ കൺസഷൻ വിതരണം ചെയ്തു എന്ന വാർത്ത തെറ്റാണെന്നും കെ.എസ്.ആർ.ടി.സി.

നിലവിലെ മാനദണ്ഡങ്ങൾ പാലിച്ചാണ് കൺസഷൻ വിതരണം. സെപ്തംബർ 9 ന് വിദ്യാർത്ഥിനി കാട്ടാക്കട യൂണിറ്റിൽ എത്തി. 19 ന് കോഴ്സ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ കൺസഷൻ നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് 22 ന് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും കൺസഷൻ ടോക്കൺ നൽകുകയും ചെയ്തു. ഈ രേഖയും കെ.എസ്.ആർ.ടി.സി പുറത്തുവിട്ടു.

രേഖയിൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന തീയതി സെപ്തംബർ 22 എന്ന് വ്യക്തമായി കാണുവാൻ സാധിക്കും. 26ന് ക്ലസ്റ്റർ ഓഫീസർ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി കൺസഷൻ നേരിട്ട് കൈമാറി. വസ്തുത മറച്ചുവച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. ഉപഭോക്താവിൽ നിന്ന് പ്രകോപനമുണ്ടായാലും ജീവനക്കാർ അപമര്യാദയായി പെരുമാറാൻ പാടില്ലാത്തതായിരുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ നേരിട്ട് വസ്തുതാ വിരുദ്ധമായ വാർത്ത നൽകുന്നത് തികച്ചും ഖേദകരമാണെന്നും കെഎസ്ആർടിസി അറിയിച്ചു.