Breaking News

വടക്കഞ്ചേരി അപകടം, നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാനം കേന്ദ്രത്തെ മാതൃകയാക്കണം; കെ. സുരേന്ദ്രൻ

വടക്കഞ്ചേരി അപകടത്തിൽ സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അനുവദിച്ച നഷ്ടപരിഹാരം ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. വടക്കഞ്ചേരിയിൽ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവർ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി എം.പി രാജേഷ് പറഞ്ഞു

മന്ത്രി കെ കൃഷ്ണൻകുട്ടി പാലക്കാട് ജില്ലാ കളക്ടർ മൃഗമായി ജോഷി,തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യാ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോയി.