Breaking News

സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടി: സുരേഷ് ഗോപി

സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെ മലയാളികൾക്കറിയാം. വിഷമതകൾ അനുഭവിക്കുന്നവരെ എന്നും ചേർത്തുനിർത്തിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. നിരവധി പേരെ താരം സഹായിച്ചിട്ടുണ്ട്. താന്‍ സഹായിച്ചവരൊന്നും തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നില്ല എന്നത് എന്നും വിഷമം ഉള്ള കാര്യമാണെന്ന് പറയുകയാണ് അദ്ദേഹം. ഫിലിമിബീറ്റിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആറ് വര്‍ഷം സിനിമ ഇല്ലാതിരുന്ന വ്യക്തിയാണ് ഞാന്‍. അന്നൊന്നും എന്നെ ആരും തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. ഞാന്‍ ഒരുപാടൊന്നും സമ്പാദിച്ചിട്ടില്ല. വരവ് പോലും മറന്ന് സഹായം ചെയ്തിട്ടും ചിലര്‍ ഒന്നും എനിക്കൊരു വിഷമം വന്നപ്പോള്‍ കൂടെ നിന്നില്ല. മാത്രമല്ല സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടി. പക്ഷേ എല്ലാം ഞങ്ങള്‍ എങ്ങനയൊക്കെയോ മാനേജ് ചെയ്തുപോയി. എന്റെ മക്കള്‍ക്ക് പോലും അതിലൊന്നും വിഷമം ഇല്ല. ഞാന്‍ എന്റെ കടമ ചെയ്യുന്നു എന്നാണ് എന്റെ മകള്‍ പറഞ്ഞത്. അന്ന് ബുദ്ധിമുട്ട് അനുഭവിച്ചു എങ്കിലും ഇന്ന് അതിന് അനുസരിച്ച് ദൈവം അനുഗ്രഹിച്ചിട്ടുണ്ട്.

അതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. എന്റെ മകന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ? അച്ഛന്‍ ചെയ്യുന്നതും അദ്ദേഹം എല്ലാവരേയും സഹായിക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഈ പ്രായത്തിലും അച്ഛന്‍ പണം സമ്പാദിച്ച് അത് അച്ഛന് ഇഷ്ടമുള്ള രീതിയില്‍ ചിലവഴിക്കുന്നു. അത് അദ്ദേഹത്തിന്റെ സന്തോഷം ആണെന്നാണ് മകന്‍ പറഞ്ഞത്. വീട്ടില്‍ ആര്‍ക്കും ഞാന്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ പരിഭവമില്ല. പക്ഷേ എനിക്കൊരു വിഷമം വന്നപ്പോള്‍, എന്റെ സഹായം കൈപ്പറ്റിയവര്‍ പോലും സംഘം ചേര്‍ന്ന് വന്നില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കി. എന്നെ സഹായിച്ച ഒരാളെ മറ്റൊരാള്‍ അടിച്ചാല്‍ ഞാന്‍ അയാളെ കൊല്ലും. അതാണ് എന്റെ നിലപാട്’, സുരേഷ് ഗോപി വികാരഭരിതനായി.