Breaking News

പാറശാലയിലെ ഷാരോണിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

പാറശാലയിലെ ഷാരോണ്‍ എന്ന യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് പ്രകാരം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മരണ കാരണം കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റൂറല്‍ എസ് പി ശില്‍പ്പ അറിയിച്ചു. ആവശ്യമെങ്കില്‍ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടുമെന്നും അവര്‍ പറഞ്ഞു.

ഈ മാസം 14 ന് പെണ്‍സുഹൃത്തിന്‍െ വീട്ടില്‍ നിന്നും കഷായം ചേര്‍ത്ത ജ്യുസ് കുടിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍്അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആരോഗ്യനിലമോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്‌ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഈ മൊഴികളിലൊന്നും ആര്‍ക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കല്‍ കോളേജില്‍ വെച്ച് ഷാരോണ്‍ മരിച്ചു.

അതേ സമയം പെണ്‍സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഷാരോണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് റെജിന്‍ പ്രതികരണവുമായി രംഗത്ത് വന്നു. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞെന്നും യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഷാരോണ്‍ ഛര്‍ദിച്ചിരുന്നെന്നും റെജിന്‍ വെളിപ്പെടുത്തി.
സംഭവ ദിവസം റെജിനെ വെളിയില്‍ കാത്ത് നിര്‍ത്തി ഷാരോണ്‍ നടന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയി. 15 മിനിറ്റിനുശേഷം റെജിനെ ഷാരോണ്‍ ഫോണില്‍ വിളിച്ചു. ഫോണില്‍ സംസാരിക്കുമ്പോള്‍ ഷാരോണ്‍ ഛര്‍ദിക്കുന്നുണ്ടായിരുന്നെന്ന് റെജിന്‍ പറയുന്നു. ബൈക്കുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ ഷാരോണ്‍ ഛര്‍ദിച്ച് അവശനായിരുന്നു.

എന്താണ് ഛര്‍ദിക്കുന്നതെന്ന് റെജിന്‍ ചോദിച്ചപ്പോള്‍ കഷായം കഴിച്ചെന്നായിരുന്നു മറുപടി. എന്തിനു കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞു. യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഛര്‍ദിച്ചു. പിന്നീട് വൈകിട്ട് ഫോണില്‍ സന്ദേശം അയച്ച് ഛര്‍ദില്‍ കുറഞ്ഞോ എന്നു ചോദിച്ചപ്പോള്‍ കുറവുണ്ടെന്നായിരുന്നു എന്നാണ് മറുപടി നല്‍കിയതെന്ന് റെജിന്‍ പറഞ്ഞു.

ഇതോടൊപ്പം പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഷാരോണിന്റെ വനിതാ സുഹൃത്തും രംഗത്തുവന്നു. ഷാരോണിനെ താന്‍ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. ആരോപണങ്ങള്‍ പറയാനുള്ളവര്‍ പറഞ്ഞോട്ടേ. താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.