Breaking News

പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയായി ഷാരോണിന്റെ കുടുംബം

പാറശ്ശാല ഷാരോണ്‍ കൊലക്കേസ് കേരള പൊലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു.

കേരളാ പൊലീസ് തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയിരുന്നു. മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു.

ഷാരോണ്‍ വധക്കേസ് കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷിക്കാമെന്നാണ് നിയമോപദേശം. തമിഴ്‌നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ല. തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാകും. കേസില്‍ ഡിവൈഎസ്പിയോട് നാളെ ഹാജരാകാന്‍ നെയ്യാറ്റിന്‍കര കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഗ്രീഷ്മയുടെ വീട്ടില്‍ വെച്ച് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടിയത്. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ തമിഴ്‌നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങള്‍ കൈമാറാനായിരുന്നു തീരുമാനം.