Breaking News

ഒരു മാസത്തിനകം 4ജി സേവനം നൽകാൻ ബിഎസ്എൻഎൽ, പുതിയ മാറ്റങ്ങൾ അറിയാം

രാജ്യത്ത് ഒരു മാസത്തിനകം 4ജി സേവനങ്ങൾ നൽകാനൊരുങ്ങി ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, ഇ വർഷം ഡിസംബറിലോ, അടുത്ത വർഷം ജനുവരിയിലോ 4ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഘട്ടം ഘട്ടമായി 4ജി സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ടിസിഎസുമായുള്ള കരാറിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 26,821 കോടി രൂപയുടെ കരാറിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കൂടാതെ, ഒരു ലക്ഷം കേന്ദ്രങ്ങളിൽ സേവനം നൽകാനുള്ള പർച്ചേസ് ഓർഡർ ഉടനെ ടിസിഎസിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

4ജി സേവനം ആരംഭിച്ചാൽ ഇതുമായി ബന്ധപ്പെട്ടുള്ള 9 വർഷത്തെ പരിപാലനം ടിസിഎസിനാണ് നൽകിയിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ 4ജി സേവനം ഉറപ്പുവരുത്തുന്നതോടെ, അടുത്ത വർഷം ഓഗസ്റ്റിൽ 5ജി സേവനം നൽകാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇരു സേവനങ്ങൾക്കുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരേസമയം തന്നെ ഒരുക്കാൻ പദ്ധതിയിടുന്നുണ്ട്.

നിലവിൽ, ബിഎസ്എൻഎൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ്. 4ജി സേവനം നിലവിൽ വരുന്നതോടെ, കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിനായി പുതിയ പദ്ധതികൾ ഉടൻ തന്നെ ആവിഷ്കരിക്കും. സ്വന്തം രാജ്യത്ത് നിർമ്മിച്ച ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി 4ജി സേവനം നൽകുന്ന ആദ്യ കമ്പനിയായാണ് ബിഎസ്എൻഎൽ മാറുന്നത്.