Breaking News

ലീഗ്- തരൂര്‍ കൂടിക്കാഴ്ച ഹൈക്കമാന്‍ഡ് ഉറ്റു നോക്കുന്നു, കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട ജനകീയാടിത്തറ വീണ്ടെടുക്കാന്‍ തരൂരിന് കഴിയുമോ എന്നും ദേശീയ നേതൃത്വം പരിശോധിക്കും

മുസ്‌ളീം ലീഗ് നേതൃത്വവുമായി നാളെ ശശി തരൂര്‍ നടത്തുന്ന കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഉറ്റുനോക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനും യു ഡി എഫിനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ക്ക് കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്. കേരളത്തിലെ തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുകളേര്‍പ്പെടുത്തണ്ടാ എന്നാണ് നെഹ്‌റു കുടുംബം കരുതുന്നത്. ഹൈക്കമാന്‍ഡിന്റെ ഭാഗമായ കേരളത്തില്‍ നിന്നുള്ള ചില നേതാക്കളാണ് തരൂരിനെതിരെ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ തങ്ങള്‍ തരൂരിനെതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ നെഹ്‌റു കുടുംബത്തിന് യാതൊരു താല്‍പര്യമില്ല.

കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ലീഗ് അത്ര രസത്തിലല്ലന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനറിയാം. കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറോട് മുസ്‌ളീം ലീഗ് നേതൃത്വം അത് വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ലീഗ് യു ഡി എഫില്‍ തുടരുന്നത്് ഇവിടുത്തെ നേതൃത്വുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള നിലപാടാണ് ലീഗ് നേതൃത്വം എക്കാലവും എടുത്തിട്ടുള്ളത്.

രാഹുല്‍ ഗാന്ധി മല്‍സരിച്ച് ജയിച്ചതും മുസ്‌ളീം ലീഗിന്റെ ശക്തികേന്ദ്രമായ വയനാട് നിയോജകമണ്ഡലത്തിലാണ്. അത് കൊണ്ട് തന്നെ ലീഗ് എടുക്കുന്ന ഏത് നിലപാടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചടത്തോളം അതീവ പ്രധാന്യമുള്ളതാണ്. നാളെ നടക്കുന്ന മുസ്‌ളീം ലീഗ് തരൂര്‍ കൂടിക്കാഴ്ചയെ വളരെ പ്രാധാന്യത്തോടെ ഹൈക്കമാന്‍ഡ് നോക്കുന്നതും അത് കൊണ്ടാണ്. കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം ഉണ്ടാകേണ്ട അനിവാര്യതയെക്കുറിച്ച് ലീഗിന് കൃത്യമായ ബോധ്യങ്ങളുണ്ട്. അത് കൊണ്ട് തന്നെ തരൂരിനെ അനുകൂലമായ ലീഗിന്റെ നീക്കങ്ങള്‍ കേരളത്തില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുതുകുന്നതാണെന്നും ഹൈക്കമാന്‍ഡ് വീക്ഷിക്കുന്നു.