Breaking News

ഇന്ത്യയുമായി നല്ല ബന്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; ബിജെപി ഭരിക്കുമ്പോള്‍ നടക്കില്ല; മോദി സര്‍ക്കാരിന് കാശ്മീരില്‍ കടുത്ത നിലപാടെന്ന് ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദേശീയ വാദികളായ ബിജെപി സര്‍ക്കാര്‍ ഇന്ത്യഭരിക്കിന്നടത്തോളം കാലം ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു. കാശ്മീര്‍ സംബന്ധിച്ചുള്ള തകര്‍ക്കമാണ് ചര്‍ച്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ ബിജെപി ദേശീയത ഉയര്‍ത്തുകയാണെന്നും ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് ഒരു റോഡ്മാപ്പ് ഉണ്ടായിരുന്നു. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ സമയത്ത് തന്നെ ഇന്ത്യയുമായുള്ള ബന്ധം പാകിസ്ഥാന്‍ തണുപ്പിക്കേണ്ടതായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം സ്ഥാപിച്ചാല്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. പക്ഷേ, ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ഒരു നീക്കം ഉണ്ടാകുന്നില്ല.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട എന്നനിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. രാജ്യാന്തര വേദികളിലും ഇന്ത്യ ഈ നിലപാട് ഉയര്‍ത്തിയിരുന്നു. കാശ്മീര്‍ വിഷയത്തിന് പുറമെ അതിര്‍ത്തികടന്നുള്ള ഭീകരവാദവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്.