Breaking News

ശശി തരൂര്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കില്ല, നേമത്ത് നിന്നോ, വട്ടിയൂര്‍ക്കാവില്‍ നിന്നോ നിയമസഭയിലേക്കെന്ന് സൂചന

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സരിക്കില്ലന്ന് സൂചന ശക്തമാകുന്നു.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. ഇതോടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലാത്ത കോണ്‍ഗ്രസ് എം പിമാരുടെ എണ്ണം ഏഴാകും. കെ സുധാകരന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റെണി, അടൂര്‍ പ്രകാശ് കൊടിക്കുന്നില്‍ സുരേഷ് എന്നിവാണ് മല്‍സരിക്കാന്‍ സാധ്യയില്ലാത്ത മറ്റ് എം പിമാര്‍. ഇതില്‍ കെ സുധാകരന്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് തന്നെ പിന്‍മാറാനാണ് സാധ്യത. മറ്റുള്ള എം പിമാര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ താല്‍പര്യവുമില്ല.

ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ചാല്‍ പിന്നെ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവില്‍ നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് അറിയുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വരികയാണെങ്കില്‍ നേമത്ത് തരൂര്‍ തന്നെയായിരിക്കും. തിരുവനന്തപുരം മണ്ഡലവും തരൂര്‍ നോട്ടമിടുന്നുണ്ട്. വി എസ് ശിവകുമാറിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ശശി തരൂര്‍ തന്നെ വരാനും സാധ്യതയുണ്ട്. ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അവകാശവാദമുന്നയിക്കാതിരിക്കാനാണ് അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് കെ മുരളീധരന്‍ രംഗത്ത് വന്നതെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരാനാണ് തരൂര്‍ ആഗ്രഹിക്കുന്നത്. നേരത്തെ പറഞ്ഞ ഏത് മണ്ഡലത്തില്‍ നിന്നും അദ്ദേഹം മല്‍സരിച്ചാലും ജയിക്കുമെന്നുറപ്പാണ്. ഇതില്‍ വട്ടിയൂര്‍ക്കാവ് സി പിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. മുന്‍ മേയര്‍ വി കെ പ്രശാന്താണ് അവിടുത്തെ എം എല്‍എ എന്നാല്‍ കെ മുരളീധരനോ, ശശി തരൂരോ മല്‍സരിച്ചാല്‍ ആ സീറ്റ് നിഷ്പ്രയാസം കോണ്‍ഗ്രസിന് നേടാമെന്നാണ് കണക്കൂകൂട്ടല്‍. കാരണം അടിസ്ഥാനപരമായി വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് സീറ്റാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മികച്ച സ്ഥാനാര്‍ത്ഥിയില്ലാത്തത് കൊണ്ട് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട സീറ്റാണത്.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്ന് ഉടലെടുത്ത എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണവും കേരളത്തില്‍ കാലുറപ്പിക്കാനുള്ള തരൂരിന്റെ ശ്രമമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍തന്നെ കോണ്‍ഗ്രസില്‍ മൂന്ന് നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. തരൂര്‍ കൂടിയാകുമ്പോള്‍ നാല് പേരാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. ഈ നാല് പേരില്‍ കേരളീയ സമൂഹത്തിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ ലഭിക്കുക ശശി തരൂരിനായിരിക്കുമെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. നിയസഭയിലേക്ക് ജയിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുകയും ചെയ്താല്‍ തരൂര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിക്കും. അപ്പോള്‍ നിയമസഭാ കക്ഷിയില്‍ മല്‍സരവും വരും. മാത്രമല്ല മുസ്‌ളീം ലീഗിനെപ്പോലെ യുഡി എഫില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു പാര്‍ട്ടി തരൂരിനെ അനുകൂലിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ നിയമസഭയിലേക്ക് മല്‍സരിക്കുകയാണെങ്കില്‍ തരൂര്‍ മുഖ്യമന്ത്രിയാകാന്‍വേണ്ടി തന്നെയായിരിക്കും മല്‍സരിക്കുക എന്ന് ഉറപ്പായികഴിഞ്ഞു.

ഒന്നും കാണാതയല്ല തരൂര്‍ കേരളത്തില്‍ കാലുറപ്പിക്കുന്നത്, കേവലം എം എല്‍എ ആകാനോ മന്ത്രിയാകാനോ വേണ്ടി തരൂരിനെ പോലൊരാള്‍ നിയമസഭയിലേക്ക് മല്‍സരിക്കില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം തന്നെയായിരിക്കും. നെഹ്‌റു കുടുംബവുമായി അകല്‍ച്ചയിലായ തരൂരിന് ഇനി ഡല്‍ഹിയില്‍ നിന്നിട്ട് കാര്യമില്ലന്നറിയാം. അത് കൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ തട്ടകം കേരളത്തിലേക്ക് മാറ്റുന്നത്.