Breaking News

മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഢില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവരും സിആര്‍പിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

സിആര്‍പിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച സംഘമായ കോബ്രയിലെ അംഗമാണ് കൊല്ലപ്പെട്ട ഹക്കീം.ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഹക്കീമിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് ഹക്കീം മരിച്ചത്. ഹക്കീമിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും.

സിആര്‍പിഎഫിന്റെ കമ്മാന്റോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം. സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയില്‍ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്.