Breaking News

വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : അയൽവാസി പിടിയിൽ

വെള്ളറട: അമ്പൂരിയില്‍ വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പൊലീസ് പിടിയിൽ. കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ സെബാസ്റ്റ്യന്‍ (44) ആണ് പിടിയിലായത്.

ശനിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. അമ്പൂരി നിരപ്പില്‍ കാഞ്ഞിരംവിള തെക്കേതില്‍ വീട്ടില്‍ രജി വര്‍ഗീസിനെയും മകള്‍ ആര്യമോളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മകളെ രക്ഷിക്കാനെത്തിയ രജി വര്‍ഗീസിനെയും പ്രതി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രജി വര്‍ഗീസും മകളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാര്‍, സബ് ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോ, എ.എസ്. ഐമാരായ അജിത്ത്കുമാര്‍, സി.പി.ഒ സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് അക്രമിയെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.