Breaking News

കൊച്ചിയിലെ മുറുക്കാന്‍ കടയില്‍ വിറ്റത് കഞ്ചാവ് മിഠായി; വാങ്ങുന്നത് കുട്ടികള്‍; മൂന്ന് കിലോ മിഠായി പിടിച്ചെടുത്ത് പൊലീസ്

കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന കണ്ടെത്തി തടഞ്ഞ് പൊലീസ്. മുറുക്കാന്‍ കടയുടെ മറവിലായിരുന്നു വ്യാപകമായി കഞ്ചാവ് മിഠായി വില്‍പ്പന നടന്നിരുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായിയാണ് കൊച്ചിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

ഉത്തര്‍പ്രദേശ് സ്വദേശി വികാസ്, അസം സ്വദേശി സദാം എന്നിവരാണ് കടയുടെ മറവില്‍ കഞ്ചാവ് വിറ്റിരുന്നത്. 100 ഗ്രാം മിഠായിയില്‍ 14 ശതമാനം കഞ്ചാവാണ് അടങ്ങിയിട്ടുള്ളത്. 40 മിഠായികള്‍ വീതമുള്ള 30 പായ്ക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. മിഠായി ഒന്നിന് പത്തുരൂപ എന്ന നിരക്കിലായിരുന്നു പ്രതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി വിറ്റിരുന്നത്.

ആയുര്‍വേദ മരുന്നെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് മിഠായി എത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇത്തരം മിഠായികള്‍ എത്തുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മിഠായിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ പായ്ക്കറ്റിന് പുറമേ തന്നെ എഴുതിയിട്ടുണ്ട്. കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.