Breaking News

ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തകരുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തി നശിച്ചു.

താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമാണ് അപകടം ഉണ്ടായത്. ഋഷഭ് പന്തിനെ ഗുരുതര പരുക്കുകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വാഹനത്തിന് തീപിടിച്ചപ്പോള്‍ പന്തിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്താണ് താരം പുറത്തുകടന്നത്. അദേഹത്തിന്റെ ദേഹത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ദ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.