Breaking News

കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധന പ്രാകൃതം: ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാകും വിധത്തിലുളള ദേഹപരിശോധന ബാഗ് പരിശോധന മുതലായവ കർശനമായി ഒഴിവാക്കേണ്ടതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

ഫിഡൽ എസ്. ഷാജി വടകര പുതുപ്പണം ജെ.എൻ.എം.ജി. എച്ച്.എസ്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഫിഡൽ എസ്. ഷാജിയുടെ അച്ഛന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ഫിഡൽ എസ്. ഷാജി എന്ന കുട്ടിയെ നാഷണൽ സർവ്വീസ് സ്‌കീമിൽ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 29ന് കുട്ടിയുടെ അമ്മയുടെ ഫോണിൽ ക്ലാസ് ടീച്ചർ ഒരു
പി.ഡി.എഫ്. അയച്ചുവെന്നും, പരാതിക്കാരൻ തന്റെ ഭാര്യയെ ചികിത്സയ്ക്ക് കൊണ്ടുപോയതിനാൽ ഫോൺ മകന്റെ കൈയ്യിൽ കൊടുത്ത് പിഡി.എഫിന്റെ പ്രിന്റൗട്ട് എടുക്കാൻ ആവശ്യപ്പെട്ടുവെന്നും സ്‌കൂളിലെ ഏതോ കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ കുട്ടിയുടെ ബാഗ് പരിശോധിച്ചു ഫോൺ കാണുകയും, പ്രിൻസിപ്പൽ ഫോൺ കൈവശം വെയ്ക്കുകയും ചെയ്തുവെന്നുമാണ് പരാതി. പരാതിക്കാരന്റെ ഭാര്യയുടെ ച്രികിത്സ സംബന്ധിച്ചുള്ള വിവരങ്ങളും, ബാങ്കിംഗ് ട്രാൻസാക്ഷൻ എന്നിവ പ്രിൻസിപ്പലുടെ കൈവശമുള്ള ഫോണിൽ ഉള്ളതിനാൽ പരാതിക്കാരന്റെ ഭാര്യ ഫോൺ ആവശ്യപ്പെട്ടപ്പോൾ ഫോൺ തിരിച്ച് തരാൻ നിർവ്വാഹമില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചുവെന്നും ഈ പ്രശ്‌നങ്ങൾ മകനായ ഫിഡൽ എസ്. ഷാജിയെ മാനസികമായി തളർത്തിയിട്ടുണ്ടെന്നും, ഈ വിഷയത്തിൽ കമ്മീഷൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കമ്മീഷൻ മുമ്പാകെ പിതാവ് പരാതി സമർപ്പിച്ചത്. തുടർന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ സുപ്രധാന ഇടപെടൽ.

നിലവിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗി ക്കേണ്ടതില്ല എന്നുതന്നെയാണ് കമ്മീഷന്റെ നിലപാട്. എന്നാൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ കുട്ടികളുടെ ദേഹപരിശോധന, ബാഗ് പരിശോധന എന്നിവ നടക്കുന്നതായി ഒട്ടേറെ പരാതികൾ ഉയർന്നു വരുന്നുണ്ട്. കുട്ടികളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടോ എന്നറിയുന്നതിനായി നടത്തുന്ന ഇത്തരം പ്രാകൃതമായതും ജനാധിപത്യ സംസ്‌കാരമില്ലാത്തതുമായ പരിശോധനകൾ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണ്. കുട്ടികൾക്കായുളള അന്തർദേശീയവും ദേശീയവുമായ ബാലാവകാശ നിയമങ്ങളുടേയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടേയും ലംഘനമാണിതെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെങ്കിലും കുട്ടികൾ മൊബൈൽ കൊണ്ടുവരേണ്ട പ്രത്യേക സാഹചര്യമുണ്ടാകാറുണ്ടെന്നാണ് കമ്മീഷൻ നിരീക്ഷിച്ചു. രക്ഷിതാക്കൾക്ക് പല കാരണങ്ങളാൽ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുത്തുവിടേണ്ട സാഹചര്യവും നിലവിലുളളതിനാൽ, കുട്ടികൾ സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരേണ്ട സന്ദർഭമുണ്ടായാൽ, ഫോൺ ഉപയോഗിക്കാതെ, ഓഫാക്കി സൂക്ഷിക്കുന്നതിനുളള സൗകര്യം സ്‌കൂളധികൃതർ ഏർപ്പെടുത്തേണ്ടതാണെന്നും കമ്മീഷൻ വിലയിരുത്തി.

സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ലെങ്കിലും മറ്റ് ചില പ്രത്യേക ആവശ്യങ്ങൾക്കായി, രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾ, സ്‌കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂൾ അധികൃതർ ഏർപ്പെടുത്തേണ്ടതാണെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.