Breaking News

ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണം; മുന്‍ സിഐ പി.ആര്‍ സുനു ഹൈക്കോടതിയില്‍

ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര്‍ സുനു ഹൈക്കോടതിയില്‍. 2019ലെ കേസുമായി ബന്ധപ്പെട്ടാണ് പി ആര്‍ സുനു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പീഡനം ഉള്‍പ്പെടെ ആറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നതിനാല്‍ കഴിഞ്ഞ ദിവസമാണ് പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.

നാല് സ്ത്രീ പീഡന കേസുകള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പി ആര്‍ സുനു. പിരിച്ചുവിടാതിരിക്കാനുള്ള വിശദീകരണം നല്‍കാന്‍ ഹാജരാകണമെന്ന് നോട്ടീസ് അയച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി സുനുവിനെ പിരിച്ചുവിട്ടുകൊണ്ട് നടപടിയെടുത്തത്. പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആര്‍.സുനുവിന് ഡിജിപി നല്‍കിയ നിര്‍ദേശം. എന്നാല്‍ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു മറുപടി.

പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയാണ് പിരിച്ചുവിടല്‍. ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പി.ആര്‍ സുനു. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്.ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.