Breaking News

പിടി സെവന്‍ ദൗത്യം ആരംഭിച്ചു; കൊമ്പനെ പിടികൂടാന്‍ ദൗത്യസംഘമിറങ്ങി

പാലക്കാട് ധോണിയില്‍ ജനവാസമേഖലയില്‍ ശല്യമുണ്ടാക്കുന്ന പിടി സെവന്‍ എന്ന കൊമ്പനെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ആരംഭിച്ചു. 72 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്.

ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാന്‍ പറ്റിയതാണോ എന്നും പരിശോധിക്കും. ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാല്‍ ഉടന്‍ വെടിവയ്ക്കാനാണ് സംഘത്തിന്റെ നീക്കം.

കാട്ടില്‍ നിന്നും ആന പുറത്തേക്ക് ഇറങ്ങിയാല്‍ ഉടന്‍ രണ്ടാം സംഘത്തെ രംഗത്തിറക്കി മയക്കുവെടി വയ്ക്കാനാണ് നീക്കം. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സര്‍ജന്‍ എന്നിവരുള്‍പ്പെടുന്ന വിവിധ ടീമുകള്‍ സംഘത്തിലുണ്ട്. 25 അംഗ വയനാട് ടീമും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കാനുള്ള കൂടും തയാറാക്കിയിട്ടുണ്ട്. കൊമ്പന്‍ എത്ര ഇടിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത യൂക്കാലി തടി ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.